പട്‌ന: മന്ത്രിസഭ വിപുലീകരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാന സഖ്യകക്ഷിയായ ആർജെഡിയിൽ നിന്നും 16 പേരുൾപ്പെടെ 31 പേരെയാണ് പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടാണ് മന്ത്രിസഭ വിപുലീകരിച്ചത്.
ആർജെഡിയിൽ നിന്നുള്ള 16ഉം, ജെഡിയുവിൽ നിന്നുള്ള 11ഉം, കോൺഗ്രസിൽ നിന്നുള്ള രണ്ടും, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ എച്ച്‌എഎമ്മിൽ നിന്നുള്ള ഒരാളും ഒരു സ്വതന്ത്രനും ഉൾപ്പെടുന്നതാണ് മന്ത്രിസഭ. ഇന്ന്(16.08.2022) രാവിലെ 11.30ന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭാഗു ചൗഹാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഓഗസ്റ്റ് 10ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്ത മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകനും തേജസ്വി യാദവിന്‍റെ സഹോദരനുമായ തേജ് പ്രതാപ് യാദവും മഹാഗഡ്‌ബന്ധൻ സർക്കാരിന്‍റെ മന്ത്രിസഭയിൽ ഉൾപ്പെടുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഏട്ട് യാദവർ, അഞ്ച് മുസ്ലീങ്ങൾ: യാദവരും, മുസ്ലീങ്ങളും ഉൾപ്പെടെ സമൂഹത്തിലെ മിക്ക വിഭാഗങ്ങളിൽ നിന്നുമുള്ളവർ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്‍റെ രണ്ട് ആൺമക്കൾ ഉൾപ്പെടെ ആർജെഡിയിൽ നിന്ന് ഏഴ് പേരും, ജെഡിയുവിന്‍റെ ബിജേന്ദ്ര യാദവും ഉൾപ്പെടെ എട്ട് യാദവർ മന്ത്രിസഭയിൽ ഉൾപ്പെടുന്നു. സമ ഖാൻ (ജെഡിയു), മുഹമ്മദ് അഫാഖ് ആലം (കോൺഗ്രസ്), മുഹമ്മദ് ഷമീം (ആർജെഡി), മുഹമ്മദ് ഇസ്രായേൽ മൻസൂരി (ആർജെഡി), ഷാനവാസ് ആലം (ആർജെഡി) എന്നീ അഞ്ച് മുസ്ലീങ്ങൾ മന്ത്രിസഭയിലുണ്ട്. ഷീല കുമാരി(ജെഡിയു), ലെഷി സിങ്(ജെഡിയു), അനിത ദേവി(ആർജെഡി) എന്നീ മൂന്ന് വനിത മന്ത്രിമാരും മഹാഗഡ്‌ബന്ധൻ മന്ത്രിസഭയിലുണ്ട്.
ബിജെപി സഖ്യമുണ്ടായിരുന്ന നിതീഷ് കുമാർ മന്ത്രിസഭയിൽ സമ ഖാനെ കൂടാതെ മുതിർന്ന ബിജെപി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈനും മുസ്ലീം പ്രതിനിധിയായി ഉണ്ടായിരുന്നു. മഹാഗഡ്‌ബന്ധൻ മന്ത്രിസഭ നിതീഷ് കുമാറിന്‍റേത് അല്ലെന്നും തേജസ്വി യാദവിന്‍റേതാണെന്നും മന്ത്രിസഭയിലെ മുസ്ലീങ്ങളുടെയും യാദവരുടെയും എണ്ണത്തെ പരാമർശിച്ച് ബിജെപി ദേശീയ വക്താവ് സഞ്‌ജയ് മയൂഖ് ആരോപിച്ചു. ഈ അവസരവാദ സഖ്യത്തിന്‍റെ അന്തർലീനമായ വൈരുദ്ധ്യങ്ങൾ ഞങ്ങൾ തുറന്നുകാട്ടുമെന്നും സഞ്‌ജയ് മയൂഖ് പറഞ്ഞു.
ഉയർന്ന ജാതിയിൽ നിന്നും പ്രാതിനിധ്യം: മണ്ഡല് പ്രക്ഷോഭത്തെ തുടർന്ന് ഉയർന്നുവന്ന ആർജെഡിയും ജെഡിയുവും ആധിപത്യം പുലർത്തുന്ന സഖ്യത്തിൽ ഒബിസി അനുകൂല പക്ഷപാതം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മന്ത്രിസഭയിൽ സീറ്റ് നൽകിയിട്ടുണ്ട്. ജെഡിയുവിന്‍റെ വിജയകുമാർ ചൗധരി, ആർജെഡിയുടെ കാർത്തികേയ സിങ് എന്നിവർ ഭൂമിഹാർ വിഭാഗത്തിൽ നിന്നുള്ളവരും ലെഷി സിങ് (ജെഡിയു), സുമിത് കുമാർ സിങ് (സ്വതന്ത്രൻ), സുധാകർ സിങ് (ആർജെഡി) എന്നിവർ രജ്‌പുത് വിഭാഗത്തിൽ നിന്നും ജെഡിയുവിന്‍റെ സഞ്‌ജയ് കുമാർ ഝാ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുമുള്ളതാണ്.
ആദിവാസി വിഭാഗത്തിൽ നിന്നും അഞ്ച് മന്ത്രിമാർ: അശോക് ചൗധരി (ജെഡിയു), കുമാർ സർവജീത് (ആർജെഡി), സുരേന്ദ്ര റാം (ആർജെഡി), മുരാരി ഗൗതം (കോൺഗ്രസ്), സന്തോഷ് കുമാർ സുമൻ (എച്ച്‌എഎം) എന്നിവർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. കുർമി വിഭാഗത്തിൽ നിന്നും മുഖ്യമന്ത്രിയുടെ അടുത്ത സഹായിയും നളന്ദ ജില്ലയിൽ നിന്നുമുള്ള ശ്രാവൺ കുമാറും, മദൻ സാഹ്‌നി, ജയന്ത് രാജ് എന്നിവരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ആറിൽ നിന്ന് മൂന്നിലേക്ക് കുറഞ്ഞുവെന്ന് ബിജെപി അധ്യക്ഷൻ സഞ്‌ജയ് ജയ്‌സ്വാൾ ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചു.
മന്ത്രി സ്ഥാനം നൽകുമെന്ന് കരുതിയിരുന്ന മുതിർന്ന ആർജെഡി നേതാവ് അവധ് ബിഹാരി ചൗധരിയെ സ്‌പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ആർജെഡി, ജെഡിയു, കോൺഗ്രസ്, ഇടതുപക്ഷം എന്നിവരടങ്ങുന്ന മഹാഗഡ്‌ബന്ധൻ സഖ്യം ബിജെപി സ്‌പീക്കർ വിജയ് കുമാർ സിൻഹയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
എച്ച്‌എഎമ്മിലെ സന്തോഷ് കുമാർ സുമൻ, സ്വതന്ത്രനായ സുമിത് കുമാർ സിങ് എന്നിവരും ജെഡിയുവിൽ നിന്നുള്ള എല്ലാ മന്ത്രിമാരും മുൻ സർക്കാരിൽ അംഗങ്ങളായിരുന്നു. ഇടതുപക്ഷം സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുകയാണ്.