ഭോജ്‌പൂര്‍ (ബിഹാര്‍): നദിയില്‍ കുളിക്കാനിറങ്ങിയ എട്ടും പന്ത്രണ്ടും വയസിനിടയിലുള്ള നാല് കുട്ടികള്‍ മുങ്ങിമരിച്ചു. ഭോജ്‌പൂര്‍ ജില്ലയിലെ സോന്‍ നദിയില്‍ ഇന്ന് കാലത്ത് കുളിക്കാനിറങ്ങിയ നുര്‍പുര്‍ ഗ്രാമത്തിലെ നാല് കുട്ടികളാണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയ കുട്ടികള്‍ നദിയില്‍ മണലെടുത്ത പ്രദേശത്തെ ചുഴിയില്‍പെട്ട് മുങ്ങി മരിക്കുകയായിരുന്നു.
12 വയസുകാരനായ അമിത് കുമാര്‍, രോഹിത് കുമാര്‍ (8), ശുഭം കുമാര്‍ (10), രോഹിത് കുമാര്‍ (9) എന്നിവരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ പിതൃസഹോദര പുത്രന്മാരും മറ്റു രണ്ടുപേര്‍ അയല്‍വാസികളുമാണെന്ന് പൊലീസ് അറിയിച്ചു. നീന്തല്‍ വിദഗ്‌ധരുടെ സഹായത്തോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്‌റ്റ്‌മോർട്ടത്തിനായി അറാ സദർ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രാദേശിക, ജില്ല ഭരണകൂട അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മണലെടുപ്പ് മരണക്കുഴിയായി: എന്നാല്‍ പ്രദേശത്തെ അനധികൃതമായ മണലെടുപ്പാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. മണല്‍ ഖനനം മൂലം നദിയില്‍ ഗര്‍ത്തങ്ങളുണ്ടായെന്നും ഇതില്‍ വീണതാണ് കുട്ടികളുടെ മരണകാരണമെന്നും ഇവര്‍ ആരോപിച്ചു. അനധികൃതമായി നദിയില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ലോറികളിൽ കയറ്റികൊണ്ടുപോകുന്നതിനായി മണല്‍ മാഫിയ താത്‌കാലിക പാലം നിർമിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം ഈ പാലത്തിലൂടെ നീങ്ങുന്നതിനിടെയാണ് കുട്ടികള്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.
മുങ്ങിമരണം നിത്യസംഭവമോ: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഗംഗ നദിയില്‍ കുളിക്കുന്നതിനിടെ മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികളും മുങ്ങിമരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായി ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) വൈകീട്ടോടെ ആരംഭിച്ച തെരച്ചില്‍ രാത്രി വൈകി അവസാനിപ്പിച്ചിരുന്നു. പിന്നീട് പിറ്റേദിവസം മത്സ്യത്തൊഴിലാളികളാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. അഞ്ചുപേരടങ്ങുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ സംഘമാണ് നദിയില്‍ കുളിക്കാനെത്തിയിരുന്നത്. ഇവരില്‍ രണ്ടുപേരെ സമീപവാസികളായ നീന്തല്‍ അറിയുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നുപേരെ സംഭവസ്ഥലത്തിന് 500 മീറ്റര്‍ അകലെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയ നിലയിലാണ് കണ്ടെടുത്തത്.
അതേസമയം മരിച്ച ജയ് മൗര്യ (26), പവന്‍ പ്രകാശ് (24), നവീന്‍ സെങ്കര്‍ (22) എന്നിവര്‍ 2019 ബാച്ചിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണെന്ന് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ധര്‍മേന്ദ്ര ഗുപ്‌ത അറിയിച്ചിരുന്നു. ജയ് മൗര്യ, പവന്‍ പ്രകാശ്, നവീന്‍ സെങ്കര്‍ എന്നിവര്‍ യഥാക്രമം ജൗൻപൂർ, ബല്ലിയ, ഹത്രാസ് പ്രദേശത്ത് നിന്നുള്ളവരാണെന്നും വിദ്യാര്‍ഥികള്‍ കോളജ് അധികൃതരെ അറിയിക്കാതെയാണ് യാത്ര പോയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ഇതിന് മുമ്പ് നവംബറില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീര്‍ഥാടക സംഘം സഞ്ചരിച്ച ബോട്ട് ഗംഗ നദിയില്‍ മുങ്ങിയ സംഭവവും നടന്നിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട 34 പേരെയും രക്ഷപ്പെടുത്തി. നീന്തല്‍ വിദഗ്‌ധരും ബോട്ട് ഓടിച്ചിരുന്നവരും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. ബോട്ടില്‍ വിള്ളലുണ്ടായിരുന്നെന്നും ഇതേതുടര്‍ന്ന് ബോട്ടിനകത്തേക്ക് വെള്ളം കയറിയതാണ് അപകടകാരണമെന്നുമായിരുന്നു സംഭവസ്ഥലം സന്ദര്‍ശിച്ച ദശാശ്വമേധ് പൊലീസിന്‍റെ വിശദീകരണം.