ഗാന്ധിനഗര്‍: ഭുപേന്ദ്ര പട്ടേല്‍ വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി ഭുപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ഗുജറാത്തിലെ ബിജെപി ആസ്ഥനമായ ഗാന്ധിനഗറിലെ കമലത്തില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഏകകണ്‌ഠമായാണ് ഭുപേന്ദ്ര പട്ടേലിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതെന്ന് ബിജെപി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
യോഗത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് നിരീക്ഷകരായി രാജ്‌നാഥ് സിങ്, ബി എസ് യെദ്യൂരിയപ്പ, അര്‍ജുന്‍ മുണ്ട എന്നിവര്‍ ഉണ്ടായിരുന്നു. ഭുപേന്ദ്ര പട്ടേലിന്‍റെ മന്ത്രിസഭ ഇന്നലെയാണ് രാജിവച്ചത്. ഗുജറാത്തിലെ പുതിയ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഡിസംബര്‍ 12നാണ് നടക്കുക. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. ഗാന്ധിനഗറിലെ പെലിപ്പേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിഞ്ജ ചടങ്ങ് നടക്കുക.
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ് വിജയി രൂപാണി മാറി ഭുപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. രണ്ടാം തവണയാണ് ഗട്ട്‌ലോഡിയ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഭുപേന്ദ്ര പട്ടേല്‍ വിജയിക്കുന്നത്. ഇത്തവണ 1.92 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിക്കുന്നത്.
ഗുജറാത്തില്‍ ഒരു പാര്‍ട്ടിക്കും ഇതേവരെ ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷമാണ് ഈ വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. ആകെയുള്ള 182 സീറ്റുകളില്‍ 156 സീറ്റുകളാണ് ബിജെപി നേടിയത്. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.