അഹമ്മദാബാദ്: തുടര്‍ച്ചയായ രണ്ടാം തവണയും ഘട്‌ലോഡിയയില്‍ വിജയം ഉറപ്പിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 20,000 വോട്ടുകളുടെ ലീഡാണ് ഭൂപേന്ദ്ര പട്ടേൽ നേടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഏറ്റവും പുതിയ വിവരം അനുസരിച്ച് പട്ടേലിന് 23,713 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാര്‍ഥി അമിബെൻ യാഗ്‌നിക് 3,840 വോട്ടുകളും എഎപി സ്ഥാനാർഥി വിജയ് പട്ടേൽ 2,168 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. ഗാന്ധിനഗർ ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമായ ഘട്‌ലോഡിയ പാട്ടീദാര്‍ സമുദായത്തിന് ആധിപത്യമുള്ള മണ്ഡലമാണ്. ബിജെപിയുടെ ശക്തി കേന്ദ്രമാണ് ഈ മണ്ഡലം.
2017ൽ പാട്ടീദാർ ക്വോട്ട പ്രക്ഷോഭത്തിനിടയിലും 1.17 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേൽ ഇവിടെ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിന് ശേഷം പട്ടേലിന് വീണ്ടും ഉന്നത സ്ഥാനം തന്നെ നൽകുമെന്ന് ബിജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 3.70 ലക്ഷം വോട്ടർമാരുള്ള ഘട്‌ലോഡിയ 2012-ൽ നടന്ന അതിര്‍ത്തി നിര്‍ണയത്തെ തുടര്‍ന്ന് പുതിയ നിയമസഭ മണ്ഡലമായി മാറി.
നേരത്തെ ഇത് സർഖേജ് മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. 2012ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേൽ 1.1 ലക്ഷത്തിലേറെ വോട്ടിനാണ് ഇവിടെ നിന്ന് വിജയിച്ചത്. ഘട്‌ലോഡിയയിൽ സ്വാധീനം ചെലുത്താൻ കോൺഗ്രസ് പാർട്ടി പ്രമുഖ അഭിഭാഷകനും ആക്‌ടിവിസ്റ്റും രാജ്യസഭ എംപിയുമായ അമിബെന്‍ യാഗ്‌നിക്കിനെയാണ് രംഗത്തിറക്കിയത്.
ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഴിമതി എന്നിവ ഉന്നയിച്ച് വീടുതോറും കയറിയുള്ള പ്രചാരണമായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. പാട്ടീദാർമാരെ കൂടാതെ റാബാരികളും ഇവിടെ പ്രബല വിഭാഗമാണ്.