ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അസം കോണ്‍ഗ്രസിന് പുതിയ നേതൃത്വം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ഭൂപൻ കുമാർ ബോറയെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. മുന്‍ കാല പ്രാബല്ല്യത്തോടെയാണ് 50 കാരനായ ബോറയുടെ നിയമനം.
രണ്ട് തവണ എംഎൽഎയായ ബോറയോടൊപ്പം മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരെയും ഹൈക്കമാന്‍ഡ് നിയമിച്ചിട്ടുണ്ട്. റാണാ ഗോസ്വാമി, കാമാഖ്യ ഡേ പുർകായസ്ത, ജാകിർ ഹുസൈൻ സിക്ദാർ എന്നിവര്‍ക്കാണ് നിയമനം ലഭിച്ചത്. നേരത്തെ എഐസിസി സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്ന ഭൂപൻ ബോറയേയും ഗോസ്വാമിയേയും ചുമതലകളില്‍ നിന്നും ഒഴിവാക്കിയാണ് പുതിയ നിയമനം.
also read: 'രാജ്യത്തിന്‍റെ മകളെക്കുറിച്ച് അഭിമാനിക്കുന്നു'; ചാനുവിനെ അഭിനന്ദിച്ച് കിരണ്‍ റിജിജു
അസമിലെ ബിഹ്പുരില്‍ നിന്നാണ് രണ്ട് തവണ ബോറ നിയമ സഭയിലെത്തിയത്. 2013 മുതല്‍ക്കാണ് അദ്ദേഹം എഐസിസി സെക്രട്ടറി പദവിയിലെത്തിയത്. അതേസമയം കാമാഖ്യ ഡേ പുർകായസ്ത കരിംഗഞ്ച് നോർത്തിനെയും ജാകിര്‍ സിക്ധാർ ബാർപെട്ടയെയുമാണ് നിയമ സഭയില്‍ പ്രതിനിധീകരിക്കുന്നത്. ജോർഖട്ടിൽ നിന്നുള്ള മുൻ എംഎൽഎയാണ് റാണാ ഗോസ്വാമി.