ഭോജ്‌പൂര്‍: ഒടിടി പ്ലാറ്റ്‌ഫോമില്‍ ഹിറ്റായ മണിഹെയ്‌സ്റ്റ് എന്ന വെബ് സീരീസിന് സമാനമായ സംഭവമാണ് ബിഹാറിെല ഭോജ്‌പൂരില്‍ ഇന്ന് രാവിലെ (06.12.23) നടന്നത്. ഭോജ്‌പൂരിലെ കടിര മേഖലയിലെ ആക്‌സിസ് ബാങ്കില്‍ നിന്ന് ആയുധധാരികളായ സംഘം കവർന്നത് 16 ലക്ഷം രൂപയെന്ന് പരാതി. ഇന്ന് രാവിലെ പത്തരയോടെയാണ് അക്രമികൾ ബാങ്കിനകത്ത് പ്രവേശിച്ചത്.
നഗരത്തിലെ പ്രമുഖ വ്യവസായി പണം നിക്ഷേപിക്കാനായി ബാങ്കിലെത്തിയ സമയത്താണ് കവർച്ച സംഘവും ബാങ്കിനുള്ളില്‍ കയറിയത്. ബാങ്കിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും തോക്കിൻ മുനയില്‍ നിർത്തിയായിരുന്നു കവർച്ച. ബാങ്കിലുണ്ടായിരുന്ന 16 ലക്ഷം രൂപയും കവർന്ന ശേഷമാണ് സംഘം മടങ്ങിയത്.
വിവരമറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോഴേക്കും കവർച്ച സംഘം കടന്നുകളഞ്ഞതായി ഭോജ്‌പൂർ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. കവർച്ച നടത്താനെത്തിയ സംഘം ബാങ്കിന്‍റെ മുൻവശത്തെ വാതിലുകൾ അടക്കം അകത്തുനിന്ന് അടച്ചിരുന്നതിനാല്‍ പൊലീസിന് ആദ്യം ബാങ്കിന് അകത്തേക്ക് കടക്കാനായിരുന്നില്ല. ബാങ്കിനുള്ളലെ എല്ലാ സിസിടിവി കാമറകളും സംഘം കൊണ്ടുപോയതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു. പക്ഷേ നഗരത്തിലെ എല്ലാ റോഡുകളും ബ്ലോക്ക് ചെയ്‌തതായും കവർച്ച സംഘത്തെ ഉടൻ പിടികൂടുമെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
ബാങ്കിനുള്ളില്‍ കടന്ന് കവർച്ച നടത്തിയത് അഞ്ചംഗ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കവർച്ച സംഘത്തില്‍ ഏഴോ എട്ടോ ആളുകൾ ഉണ്ടെന്നാണ് ബാങ്കിനുള്ളില്‍ പൂട്ടിയടപ്പെട്ട ജീവനക്കാരൻ പറഞ്ഞത്. അവർ ആയുധധാരികളായിരുന്നുവെന്നും ബാങ്കിനുള്ളില്‍ കടന്നയുടൻ എല്ലാവരുടേയും മൊബൈല്‍ ഫോണുകൾ സംഘം പിടിച്ചുവാങ്ങിയെന്നും അതിനുശേഷം ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം പണം കവർന്ന് രക്ഷപെടുകയായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു.