ന്യൂഡല്‍ഹി : ഭീമ കൊറേഗാവ്, എൽഗാർ പരിഷത്ത് മാവോയിസ്‌റ്റ് സംഘവുമായുള്ള ബന്ധം തുടങ്ങിയ കേസുകളില്‍ പ്രതിയായ കവിയും സാമൂഹിക പ്രവർത്തകനുമായ വരവര റാവുവിന് സുപ്രീം കോടതി അനുവദിച്ച ജാമ്യത്തില്‍ വ്യവസ്ഥകള്‍ നിശ്ചയിച്ച് എന്‍ഐഎ കോടതി. മുംബൈയില്‍ തങ്ങണമെന്നും നഗരംവിട്ട് പോകരുതെന്നുമടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളാണ് റാവുവിന് ബോംബെ സെഷൻസ് പ്രത്യേക കോടതി നല്‍കിയിരിക്കുന്നത്. വീടുകളിൽ ഒത്തുകൂടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് 10 നാണ് സുപ്രീം കോടതി റാവുവിന് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞദിവസം നടന്ന വാദത്തിനിടെയാണ് എന്‍ഐഎ പ്രത്യേക കോടതി വരവര റാവുവിന്‍റെ ജാമ്യത്തില്‍ വ്യവസ്ഥകള്‍ നിശ്ചയിച്ചത്. ഇതനുസരിച്ച് ബൃഹൻ മുംബൈ മേഖലയിൽ തങ്ങരുതെന്നും, എൻഐഎ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നഗരം വിടരുതെന്നും റാവുവിനോട് നിർദേശിച്ചിട്ടുണ്ട്. മുംബൈയിലെ വസതിയിൽ യോഗങ്ങളും ഒത്തുചേരലുകളും നടത്തുന്നത് വിലക്കിയും കോടതി ഉപാധികൾ ഏർപ്പെടുത്തി. മാത്രമല്ല, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, കേസിലെ കൂട്ടുപ്രതികളുമായി ബന്ധപ്പെടരുത്, കേസിലെ സാക്ഷികളുമായി ബന്ധപ്പെടരുത്, വീടിന് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളും പ്രത്യേക കോടതി ഉത്തരവിലുണ്ട്. ഇത് വ്യക്തമാക്കികൊണ്ടുള്ള പകർപ്പും ശനിയാഴ്ച (20.08.2022) റാവുവിന് ലഭിച്ചു.
എന്താണ് 'ഭീമ കൊറേഗാവ്' കേസ് ?: 2017 ഡിസംബർ 31 ന്, മറാത്ത സൈന്യവും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുള്ള യുദ്ധത്തിന്റെ 200-ാം വാർഷികത്തിന്റെ സ്മരണാര്‍ഥം നിരവധി ദളിത് സംഘടനകൾ 'ഭീമ കൊറേഗാവ് ശൗര്യ ദിവസ് പ്രേരണ അഭിയാൻ' എന്ന പരിപാടിക്ക് കീഴിൽ സംയുക്തമായി ഒരു റാലി സംഘടിപ്പിച്ചു.ഇതില്‍ ഭൂരിഭാഗം ദളിതരും സൈനികരായിരുന്നു. പിന്നീട് 2018 ജനുവരി 1 ന് പൂനെയ്ക്കടുത്തുള്ള ഭീമ കൊറേഗാവിൽ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ദളിത് സമൂഹം അന്ന് ഒത്തുകൂടി. ഇതിന്‍റെ പ്രതിഫലനം രാജ്യമെമ്പാടും കണ്ടു. എന്നാല്‍ കലാപത്തിന് കാരണം, 2017 ഡിസംബർ 31 ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്താണെന്ന പരാതിയില്‍ പൂനെ പൊലീസ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചു.
ഇതിനെത്തുടര്‍ന്ന്, മാവോയിസ്‌റ്റ് സംഘടനകൾക്ക് പിന്നിൽ എൽഗാർ പരിഷത്ത് ആണെന്നും ഈ സംഘടനകളുമായി ബന്ധമുണ്ടെന്നും ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്‍റെ ഭാഗമായി ഗൗതം നവ്‌ലാഖ, സുധ ഭരദ്വാജ്, വരവര റാവു, അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവരെയും ഓഗസ്റ്റ് 28 ന് പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.
കലാപം എങ്ങനെ സംഭവിച്ചു? : 2018 ജനുവരി 1 ന് ഭീമ കൊറേഗാവിലെ വിജയസ്‌തംഭത്തിന് സമീപം വിജയദിനം ആഘോഷിക്കാൻ ദളിത് സമുദായത്തിൽ നിന്നുള്ള ആളുകൾ ഒത്തുകൂടി. 1818 ജനുവരി 1 ന് ബാജിറാവു II പേഷ്വയും ബ്രിട്ടീഷ് പട്ടാളക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ 200-ാം വാർഷികം ആഘോഷിക്കാനായിരുന്നു ഈ ഒത്തുകൂടല്‍. എന്നാല്‍ വിജയ് ദിവസ് ആഘോഷിക്കവെ ചിലര്‍ കൂട്ടമായി തിരിഞ്ഞ് പരിപാടിയെ എതിർക്കുകയും അതേത്തുടര്‍ന്ന് ചില അക്രമ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തു.
പൂനെക്കടുത്തുള്ള കൊറേഗാവ് ഭീമ, പബൽ, ശിക്രാപൂർ എന്നിവിടങ്ങളിൽ നിന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. മാത്രമല്ല, കല്ലേറില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്‌തു. സംഭവത്തിന്‍റെ രണ്ടാം ദിവസം ഇതിനെതിരെ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധങ്ങളുണ്ടായി. ജനുവരി മൂന്നിന് മഹാരാഷ്‌ട്ര ബന്ദിന് പ്രകാശ് അംബേദ്‌കര്‍ ആഹ്വാനവും ചെയ്‌തിരുന്നു.