ജയ്‌പൂർ: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍റെ ക്ഷാമം രൂക്ഷമാണ്. ശ്വാസം കിട്ടാതിരിക്കുന്ന ദുരിതസാഹചര്യമോര്‍ത്ത് ആശങ്കയിലാണ് ഏവരും. ജീവവായു ലഭിക്കാതെ നിരവധി പേരാണ് രാജ്യത്ത് ദിനംപ്രതി മരിക്കുന്നത്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ്. അതേസമയം നാം നിരന്തരം ശുദ്ധവായു ശ്വസിക്കേണ്ടതിന്‍റെ പ്രധാന്യവും ഈ സാഹചര്യം ഓര്‍മിപ്പിക്കുന്നു.
പ്രകൃത്യാ ലഭിക്കുന്ന പ്രാണവായുവിനെ നശിപ്പിക്കുന്നത് വലിയ പ്രത്യാഘാതമാണ് സൃഷ്‌ടിക്കുക. മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുകയെന്നതാണ് കൂടുതല്‍ ഓക്‌സിജന്‍ പ്രസരണത്തിനുള്ള വഴി. ഇതിന് പ്രാധാന്യം നൽകി ഭരത്പൂരിലെ സെന്‍ട്രൽ നഴ്‌സറിയില്‍ 20,000ലധികം മരത്തൈകളാണ് അധികൃതർ നട്ടുവളര്‍ത്തിയത്. കൂടുതല്‍ ഓക്‌സിജനും തണലും നല്‍കുന്ന മരങ്ങള്‍ നടുകയെന്ന ലക്ഷ്യത്തോടെ 2020 മുതലാണ് ഈ സംരംഭം ആരംഭിച്ചത്.
നഴ്‌സറിയിൽ 35 വിവിധ സസ്യ വര്‍ഗങ്ങളുടെ 65,000 തൈകളുണ്ട്. ഈ വർഷം ജൂലൈ ഒന്ന് മുതല്‍ ഈ തൈകളെല്ലാം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനാണ് തീരുമാനം. ഏതാണ്ട് 25,000 തണല്‍ മരങ്ങളുടെ തൈകളും ഇവിടെ ലഭ്യമാണ്. അരയാല്‍, തുടപ്പന, ബോധി വൃക്ഷം എന്നിവയുടെ തൈകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായ്‌കൾ ഉണ്ടാകുന്നതും പൂക്കുന്നതുമായ മരത്തൈകളും നഴ്‌സറിയില്‍ ധാരാളമായുണ്ട്. പേരയ്ക്ക, ചെമ്പകം, ചെമ്പരത്തി, മുല്ല, നാഗ്‌ദോണ്‍ (നിലമ്പാല), ഹരാശൃംഗാര്‍ (പാരിജാതം), ഗുല്‍ദൗദി (ജമന്തി), ഹൈജ് (വേലിച്ചെടി) എന്നിവയും ഇവിടെ കിട്ടും. വന്നി മരത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി ഏറെ ആവശ്യക്കാരുണ്ട്. പൂജകൾക്ക് ഉപയോഗിക്കുന്നതിനാൽ ഈ മരത്തിന്‍റെ തൈകളും, പെട്ടെന്ന് വളരുന്ന തണല്‍ മരമായ പുളിവാകയും നഴ്‌സറിയിലുണ്ട്. നാല് രൂപ മുതല്‍ 70 രൂപ വരെയാണ് ഇവയുടെ വില.