ന്യൂഡൽഹി: അഞ്ച് ലക്ഷം ഡോസ് കോവാക്‌സിൻ വാഗ്‌ദാനം ചെയ്‌ത ഭാരത് ബയോടെക് മെയ് മാസത്തിൽ 1.5 ലക്ഷം ഡോസ് വാക്‌സിൻ മാത്രം നൽകിയെന്ന് ഹൈക്കോടതിയെ ബോധിപ്പിച്ച് ഡൽഹി സർക്കാർ. ഭാരത് ബയോടെക് നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ കോവാക്‌സിൻ കുത്തിവയ്‌പ് നൽകാൻ സംസ്ഥാന സർക്കാർ പദ്ധതി ആരംഭിച്ചതായും ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അനുജ് അഗർവാൾ ജസ്റ്റിസ് രേഖ പള്ളിയോട് പറഞ്ഞു. അതേസമയം കോവാക്‌സിൻ രണ്ടാം ഘട്ട വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാൻ ജഡ്‌ജി കേന്ദ്രത്തോടും ഡൽഹി സർക്കാരോടും ആവശ്യപ്പെട്ടു. കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി ജൂൺ ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊവിഡ് വർക്കിങ് ഗ്രൂപ്പ് (സിഡബ്ല്യുജി) ശുപാർശ ചെയ്‌ത കാലയളവിനുള്ളിൽ യോഗ്യതയുള്ളവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് ഉറപ്പാക്കാനുള്ള പ്രചാരണം ആസൂത്രണം ചെയ്യാൻ അധികാരികളോട് ആവശ്യപ്പെട്ട് മൂന്ന് വ്യത്യസ്‌ത ഹർജികൾ കോടതി പരിഗണിച്ചിരുന്നു. അവയിൽ ഒരു ഹർജി സമർപ്പിച്ചത് അഭിഭാഷകരായ അമൃഷ് കുമാർ ത്യാഗി, ദീപക് പരാശർ, ഹിമാൻഷു ശുക്ല എന്നിവർ വഴിയായി രജീവ് പരാശരാണ്. മറ്റൊന്ന് അഭിഭാഷകൻ പല്ലവ് മോംഗിയ വഴി അഭിഭാഷകൻ ആശിഷ് വിർമാനി സമർപ്പിച്ചു.
Also Read: വാക്‌സിൻ ക്ഷാമത്തിൽ ആശങ്ക അറിയിച്ച് ഡൽഹി ഹൈക്കോടതി