ന്യുഡല്‍ഹി: സഫറബാദ് അക്രമക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത സാജിദ് ഡാനിയൽ എന്നിവരുള്‍പ്പെടെ ആറ് പേരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുക. നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്തെന്നാണ് കേസ്. പൗരത്വ നിയമത്തിനെതിരെ നടന്ന റാലിക്കിടെ സാജിദ് പൊലീസിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ എഫ്.ഐ.ആറില്‍ സാജിദിന്‍റെ പേരില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേ സമയം എഫ്.ഐ.ആറില്‍ പേരുള്ള പ്രമുഖരെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഡാനിയലിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. എന്നാല്‍ പൊലീസിന്‍റെ വാദം നിലനില്‍ക്കില്ലെന്ന് അദ്ദേത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച ഒരു സി.സി.ടി.വി ദൃശ്യവും പൊലീസിന്‍റെ കയ്യിലില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം ബോബ് എറിഞ്ഞെങ്കില്‍ ഏത് പൊലീസുകാര്‍ക്കാണ് പരിക്കേറ്റതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറോട് ജഡ്ജി ഗുർദീപ് സിംഗ് ചോദിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കർക്കാർഡൂമ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.