ചെന്നൈ: ടിക് ടോക്ക് വീഡിയോ നിർമ്മിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ ഏഴ് പേർ ചേർന്ന് മർദിച്ച് കൊന്നു. തമിഴ്‌നാട് റാണിപേട്ട് സ്വദേശി ബോസ് ആണ് മരിച്ചത്. തർക്കം പരിഹരിക്കുന്നതിനിടെ മർദനമേറ്റാണ് യുവാവ് മരിച്ചത്.
ഗാന്ധിനഗറിൽ താമസിക്കുന്ന റോബർട്ട് എന്ന യുവാവ് തൻ്റെ സുഹൃത്ത് വിഘ്‌നേഷിനോട് തൻ്റെ ടിക്ക് ടോക്ക് വീഡിയോയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടു. ടിക് ടോക്ക് വീഡിയോ ചെയ്യാൻ വിഘ്‌നേഷ് വിസമ്മതിച്ചതിനാൽ രണ്ടുപേരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് വിഘ്‌നേഷ് സഹോദരൻ വിജയ്‌യെ ഇക്കാര്യം അറിയിക്കുകയും വിജയ് റോബർട്ടിനെ ഫോണിൽ വിളിച്ച് മോശമായി സംസാരിക്കുകയും ചയ്തു. ഇതിനുശേഷം വിജയ് തൻ്റെ ആറ് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് റോബർട്ടിനെ കാണാൻ പോവുകയുമായിരുന്നു.
വിജയും കൂട്ടുകാരും റോബർട്ടിനെ ആക്രമിക്കാൻ ശ്രമിക്കുകയും ബോസ് അത് തടയാൻ ശ്രമിക്കുകയും ചെയ്തു. തർക്കത്തിനിടയിൽപെട്ട് ബോസ് അബോധാവസ്ഥയിൽ ആയി. ഇത് കണ്ട ആക്രമണകാരികൾ പരിഭ്രാന്തരായി ബോസിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
റാണിപേട്ട് ഇൻസ്‌പെക്ടര്‍ തിരുനാവുകരസു ആശുപത്രിയിലെത്തി വിജയ്‌യുടെ സുഹൃത്തുക്കളായ രാജശേഖർ, വരുൺ എന്നിവരെ അറസ്റ്റ് ചെയ്തു. 143,294 (ബി), 332, 302 എന്നീ വകുപ്പുകൾ പ്രകാരം വിജയ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.