ലക്നൗ: ഉത്തർപ്രദേശിന്‍റെ മൈഗ്രേഷൻ കമ്മിഷൻ ഉപനിയമങ്ങളിൽ 'മുൻകൂർ അനുമതിയുടെ' വ്യവസ്ഥ ഉൾപ്പെടുത്തില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ. യുപിയിൽ നിന്നുള്ള തൊഴിലാളികളെ ആവശ്യമുള്ളവർ സംസ്ഥാന സർക്കാരിനോട് അനുമതി തേടണമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ അനുമതി വ്യവസ്ഥ തിരുത്തിയതായുള്ള വെളിപ്പെടുത്തൽ.
സംസ്ഥാനത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ജോലിയും സാമൂഹിക സുരക്ഷയും നൽകുന്നതിന് കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയാണെന്നും സർക്കാർ വക്താവ് പറഞ്ഞു. മൈഗ്രേഷൻ കമ്മിഷന് “ശ്രമിക് കല്യാൺ ആയോഗ്” (വർക്കേഴ്സ് വെൽഫെയർ കമ്മീഷൻ) എന്നാണ് പേര് നൽകിയിരിക്കുന്നത്. 26 ലക്ഷത്തോളം കുടിയേറ്റക്കാർ ഇതിനകം സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കമ്മിഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച് യോഗി ആദിത്യനാഥ് ചർച്ച ചെയ്യുകയും 15 ദിവസത്തിനുള്ളിൽ തൊഴിലാളികളുടെ കഴിവുകൾക്ക് അനുസൃതമായി മാപ്പിങ്ങ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ സംസ്ഥാന സർക്കാരുകൾ നൽകണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു.