ലഖ്‌നൗ: യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ഉത്തരവാദികള്‍ രാജസ്ഥാനിലേയും പഞ്ചാബിലേയും സര്‍ക്കാരുകളാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്‌ച പുലര്‍ച്ചെയാണ് യുപിയിലെ ഔറയ്യയില്‍ അതിഥി തൊഴിലാളികളുമായി വന്ന രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ 26 അതിഥി തൊഴിലാളികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
യുപിയില്‍ വെച്ചാണ് അപകടമുണ്ടായതെങ്കിലും അതിഥി തൊഴിലാളികളുമായി ട്രക്കുകള്‍ എത്തിയത് രാജസ്ഥാനില്‍ നിന്നും പഞ്ചാബില്‍ നിന്നുമാണെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബിഹാറിലേക്കും ജാര്‍ഖണ്ഡിലേക്കും അമിത പണം മുടക്കിയാണ് അതിഥി തൊഴിലാളികള്‍ സംസ്ഥാനങ്ങളില്‍ നിന്നും യാത്ര പുറപ്പെട്ടത്. അത് കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് തിരക്കുന്നില്ലെന്നും ഏറ്റവും ഒടുവില്‍ സത്യസന്ധത ചമയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും യോഗി ആദിഥ്യനാഥ് പറഞ്ഞു.