ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ചൈനീസ് നിര്‍മിത വൈദ്യുത മീറ്ററുകള്‍ നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാന വൈദ്യുത വകുപ്പിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ ചൈനീസ് മീറ്ററുകളുടെയും ഉപകരണങ്ങളുടെയും ഓര്‍ഡറുകളെപ്പറ്റിയും ചൈനീസ് ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട കരാറുകളെപ്പറ്റിയും സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്ന് വൈദ്യുത വകുപ്പ് വക്താവ് അറിയിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഓള്‍ ഇന്ത്യ പവര്‍ എഞ്ചിനീയര്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ശൈലേന്ദ്ര ദുബൈ പിന്തുണച്ചു. വൈദ്യുത നിലയങ്ങളില്‍ ബോയിലറുകള്‍, ട്യൂബുകള്‍ , മറ്റ് ഉപകരണങ്ങള്‍ എന്നിവ ചൈനയില്‍ നിന്നും കൊണ്ടു വരുന്നതാണ്. പക്ഷെ ഇത്തരം ചൈനീസ് നിര്‍മിത ഉപകരണങ്ങളുടെ ഗുണനിലവാരം കുറവാണെന്ന് ശൈലേന്ദ്ര ദുബൈ വ്യക്തമാക്കി. ഉപകരണങ്ങള്‍ വാങ്ങേണ്ടത് പൊതുമേഖല കമ്പനിയായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡ് പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്‌മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇത്തരം നടപടികള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് കാലങ്ങളായി ചൈനീസ് മീറ്ററിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ഉപയോക്താക്കൾ പരാതിപ്പെടുകയും അവ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായി പ്രദേശവാസികളും പരാതി പറയുന്നു. ഉപയോഗത്തില്‍ വര്‍ധനവില്ലാതിരുന്നിട്ട് കൂടി വൈദ്യുതി ബില്ലില്‍ 60 ശതമാനം വര്‍ധനവ് വന്നതായി നാട്ടുകാരനായ പി കെ ഘോഷ് പരാതി പറയുന്നു.