അമരാവതി: ലോക മത്സ്യബന്ധന ദിനത്തോടനുബന്ധിച്ച് പുതിയ പദ്ദതികളുമായി തീരദേശ സംസ്ഥാനമായ ആന്ധ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി നാല് മത്സ്യബന്ധന തുറമുഖങ്ങൾക്കും 25 അക്വാഹബുകൾക്കും ശിലാസ്ഥാപനം നടത്തി. ആന്ധ്രയിലെ നെല്ലൂർ, ഗുണ്ടൂർ, കൃഷ്ണ, കിഴക്കൻ ഗോദാവരി ജില്ലകളിലായുള്ള മത്സ്യബന്ധന തുറമുഖങ്ങൾക്കും അക്വാഹബുകൾക്കുമാണ് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയത്. സംസ്ഥാനത്തിന്‍റെ സമുദ്ര സ്വത്ത് പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി 3000 കോടി രൂപ മുടക്കി എട്ട് ഫിഷിംഗ് ഹാർബറുകളും നാല് ഫിഷ് ലാൻഡിംഗ് സെന്‍ററുകളും കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതികളുടെ ടെണ്ടർ ഡിസംബർ രണ്ടാം വാരത്തിൽ പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചു.
മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡിംഗ് സെന്‍ററുകളും നിർമിക്കുന്നതിലൂടെ മത്സ്യബന്ധനവും അനുബന്ധ സമുദ്ര പ്രവർത്തനങ്ങളും ആശ്രയിക്കുന്ന സംസ്ഥാനത്തെ 6.3 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് നേരിട്ടും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അത്യാധുനിക സൗകര്യങ്ങളോടെ ഈ ഹരിതോർജ്ജ തുറമുഖങ്ങൾ വികസിപ്പിക്കാൻ സാധിക്കുമെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കയറ്റുമതി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് സാധ്യമായ മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നോ രണ്ടോ തീരദേശ ചരക്ക് ബെർത്ത് നൽകാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.