ഗാന്ധിനഗര്‍: ലോക്ക് ഡൗണിനിടെ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഐഐഎം അഹമ്മദാബാദ് ഡയറക്‌ടര്‍ക്കെതിരെ നിയമനടപടിയുമായി അതിഥി തൊഴിലാളികള്‍. വേതനം നല്‍കിയില്ലെന്നും,മാര്‍ച്ച് 28 ന് ശേഷം നാട്ടിലേക്ക് മടങ്ങാനനുവദിച്ചില്ലെന്നും ആരോപിച്ചാണ് ഡയറക്‌ടര്‍ പ്രൊഫസര്‍ ഇറോള്‍ ഡിസൂസയ്‌ക്ക് തൊഴിലാളികള്‍ ലീഗല്‍ നോട്ടീസയച്ചത്. ക്യാമ്പസിനുള്ളിലെ പുതിയ കെട്ടിടം പണിയാനായി ചുമതലപ്പെടുത്തിയ തൊഴിലാളികളാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ക്യാമ്പസിനു പുറത്ത് 300ല്‍ പരം അതിഥി തൊഴിലാളികള്‍ പൊലീസിനും പൊതുജനങ്ങള്‍ക്കുമെതിരെ കല്ലെറിഞ്ഞിരുന്നു. ജന്മനാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് തൊഴിലാളികള്‍ അക്രമാസക്തരായത്.
വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് 1979ലെ ഇന്‍റര്‍സ്റ്റേറ്റ് മൈഗ്രന്‍റ് വര്‍ക്ക്‌മെന്‍ ആക്‌ട് പ്രകാരം ഐഎംഎം ഡയറക്‌ടര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും തൊഴിലാളികളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ജാര്‍ഖണ്ഡിലെയും പശ്ചിമബംഗാളിലെയും 35 തൊഴിലാളികളെ മോചിപ്പിക്കണമെന്നും അഭിഭാഷകനായ അനന്ദ് യാഗ്‌നിക് ആവശ്യപ്പെട്ടു.