ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിനായി പോരാടിയ സൈനികരുടെ മരണത്തിൽ അനുഭവിക്കുന്ന വേദന വാക്കുകൾക്ക് അതീതമാണ്. അവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സൈനികരുടെ കുടുംബാംഗങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അനുശോചനം അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷയും സമഗ്രതയും സംരക്ഷിക്കുന്നതിൽ ഒരുമിച്ച് നിൽക്കുന്നുവെന്നും സോണിയ കൂട്ടിച്ചേർത്തു. അതിര്‍ത്തി മേഖലയായ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ 20 സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർ തിങ്കളാഴ്‌ച രാത്രി ജീവന്‍ വെടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ 17 സൈനികർക്ക് ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യൻ സേന അറിയിച്ചു. സംഘർഷത്തിനിടക്ക് നിരവധി ഇന്ത്യൻ സൈനികരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ 45 വർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ വലിയ സംഘർഷമാണിത്.