സോളന്‍: മനുഷ്യ ശരീരത്തിലെ മസിലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന രോഗമാണ് മസ്‌കുലര്‍ ഡിസ്‌ട്രോഫി. രോഗിയുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുന്ന അവസ്ഥ. എന്നാല്‍ ഈ രോഗത്തെയും അതിജീവിച്ചവരുണ്ട് നമ്മുടെ സമൂഹത്തില്‍. സ്വപ്‌നങ്ങള്‍ നേടിയെടുക്കാനുള്ള ധൈര്യമുണ്ടെങ്കില്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി വരുത്തിവയ്‌ക്കുന്ന തടസങ്ങള്‍ മറികടക്കാമെന്ന് ജീവിച്ച് തെളിയിക്കുകയാണ് ഹിമാചല്‍ പ്രദേശിലെ സോളനിലുള്ള സഞ്ജന ഗോയല്‍ എന്ന സംരംഭക. മസ്‌കുലര്‍ ഡിസ്‌ട്രോഫിക്കുള്ള ചികിത്സ നല്‍കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രിയുടെ സ്ഥാപകയാണ് സഞ്ജന ഗോയല്‍. തന്നെപ്പോലെ രോഗം ബാധിച്ചവരെ തന്‍റെ ജീവിതം കൂടി കാട്ടിക്കൊടുത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുകയാണ് സഞ്ജന. കഴിഞ്ഞ 18 വര്‍ഷമായി വീല്‍ചെയറിലാണ് സഞ്ജനയുടെ ജീവിതം. ആശുപത്രിക്ക് പുറമേ മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതരുടെ പുനരുജ്ജീവനത്തിനായി സ്റ്റിച്ച് ആന്‍റ് സ്റ്റൈല്‍ എന്ന തയ്യല്‍ കേന്ദ്രവും സഞ്ജന തുടങ്ങിയിട്ടുണ്ട്. തന്‍റെ ജീവിതാനുഭവങ്ങള്‍ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് സഞ്‌ജന ഗോയല്‍.
ബിഎസ്‌സി ഹോം സയന്‍സില്‍ ബിരുദം, പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ഫാഷന്‍ ഡിസൈനങ്ങില്‍ പിജി ഡിപ്ലോമ ഇതാണ് സഞ്ജനയുടെ വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ പാഠങ്ങള്‍ കൂടുതല്‍ പഠിച്ചത് ജീവിതത്തിലൂടെയാണ്. ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപമെന്ന് സഞ്ജനയെ നമുക്ക് വിശേഷിപ്പിക്കാം. ഒപ്പമുള്ള മറ്റ് മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ചവരോടും സഞ്‌ജനയ്‌ക്ക് പറയാനുള്ളതും അത് തന്നെയാണ്. ഈ രോഗത്തില്‍ നിന്ന് പൂര്‍ണമായ മുക്തി നമുക്ക് നേടിയെടുക്കാനാകില്ല. ആത്മവിശ്വാസംകൊണ്ട് മാത്രമേ ഈ അവസ്ഥയിലുള്ള ആളുകള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. സ്‌കൂള്‍ ജീവിതത്തില്‍ സഞ്‌ജനയ്‌ക്ക് ഈ രോഗം എറെ വിഷമങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ആ വിഷമങ്ങളാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് സഞ്‌ജന പറയുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ചില വിഷമങ്ങള്‍ കൂടെയുള്ളത് നല്ലതാണെന്നാണ് സഞ്ജനയുടെ പക്ഷം. മാനവ് മന്ദിറിലെ തന്‍റെ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സഞ്ജന ആദ്യം കൊടുക്കുന്ന മരുന്നും ഈ ആത്മവിശ്വാസമാണ്. സമാന അവസ്ഥയിലുള്ള പല രോഗികള്‍ക്കും സൗജന്യമായാണ് സഞ്‌ജന മരുന്ന് നല്‍കുന്നത്. മാനവ് മന്ദിറിലെ ആശുപത്രിക്ക് ഹിമാചല്‍ പ്രദേശ് സര്‍ക്കാരും മികച്ച പിന്തുണ നല്‍കുന്നുണ്ട്. ഈ സഹായം എന്നും നിലനില്‍ക്കേണ്ടതുണ്ടെന്നും സഞ്ജന പറയുന്നു. എല്ലാ രോഗങ്ങള്‍ക്കും സ്നേഹവും ആത്മവിശ്വസവുമാണ് നല്ല മരുന്നെന്ന് ജിവിതം കൊണ്ട് തെളിയിച്ച് മാതൃകയാവുകയാണ് സഞ്ജന ഗോയല്‍.