ലഖ്നൗ: യുപിയിലെ മുസാഫർനഗറിൽ സ്ത്രീധനം കുറഞ്ഞതിന്‍റെ പേരിലും കുഞ്ഞുങ്ങൾ ഇല്ലാത്തിതിന്‍റെ പേരിലും ഭർതൃവീട്ടിൽ ഉപദ്രവം നേരിട്ടിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൻസൂർപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലചെഡ ഗ്രാമത്തിലെ വീട്ടിലാണ് അമിത് കുമാറിന്‍റെ ഭാര്യ മംതേഷിനെ (35) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒളിവിൽ കഴിയുന്ന ഭർത്താവ് അമിത് കുമാർ, ഭർതൃപിതാവ് രാജ്ബീർ, ഭർതൃമാതാവ് പ്രമില എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഒൻപത് വർഷം മുമ്പ് അമിത്തിനെ വിവാഹം കഴിച്ചതു മുതൽ സ്ത്രീധനം കുറഞ്ഞതിന്‍റെ പേരിലും കുഞ്ഞ് ജനിക്കാത്തതിന്‍റെ പേരിലും മംതേഷിനെ ഭർത്താവിന്‍റെ കുടുംബം നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിച്ച യുവതിയുടെ സഹോദരന്‍റെ പരാതിയിൽ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.