പട്‌ന: ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബിഹാർ സ്വദേശി ശിവാംഗി. മുസാഫിര്‍ പൂരിലെ പാറു ബ്ലോക്കിലുള്ള ഫത്തേഹാബാദ് ഗ്രാമത്തിൽ ജനിച്ച ശിവാംഗി അവളുടെ ബാല്യകാല സ്വപ്നം പൂവണിയിച്ചു.
രാജ്യത്തിന്‍റെ പ്രതിരോധ ശക്തിയുടെ കരുത്തിന്‍റെയും കണ്ണുകളിലെ ആത്മവിശ്വാസത്തിന്‍റെ തിളക്കത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് ശിവാംഗി. നാവിക സേനയിലെ വെളുത്ത നിറമുള്ള ഇരട്ട ടര്‍ബോ പ്രോപ്പ് ഡോണിയര്‍ 228 എന്ന വിമാനമാണ് ബിഹാറിന്‍റെ സ്വന്തം പുത്രി പറത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് ശിവാംഗി കേരളത്തില്‍ തന്‍റെ വൈമാനിക ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
ശിവാംഗിയുടെ മാതാപിതാക്കൾ അവളെ കുറിച്ച് ഏറെ അഭിമാനം കൊള്ളുന്നു. ജീവിതത്തില്‍ അസാധാരണമായ ഏത് ലക്ഷ്യവും ശിവാംഗി വെല്ലുവിളിയായി ഏറ്റെടുക്കുമായിരുന്നു. ഒരു ദിവസം തന്‍റെ മകള്‍ വലിയ നിലയില്‍ എത്തുമെന്ന് കുട്ടിക്കാലത്ത് തന്നെ തനിക്ക് തോന്നുമായിരുന്നെന്ന് പിതാവ് പറയുന്നു.
മകളുടെ അപ്രതീക്ഷിതമായ വിജയത്തില്‍ താൻ ഏറെ സന്തോഷവതിയാണെന്ന് അമ്മ പറയുന്നു. ആണ്‍ മക്കളേയും പെണ്‍ മക്കളേയും വേര്‍ തിരിച്ച് കാണരുതെന്നാണ് ശിവാംഗിയുടെ അമ്മ കുമാരി പ്രിയങ്കയ്ക്ക് നല്‍കാനുള്ള ഉപദേശം.
ഫത്തേഹാബാദിലെ ആളുകളെല്ലാം ശിവാംഗിയുടെ ഈ നേട്ടത്തിൽ അങ്ങേയറ്റം സന്തുഷ്ടരും അഭിമാനം കൊള്ളുന്നവരുമാണ്.
കുട്ടിക്കാലം മുതല്‍ തന്നെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നുള്ള ശിവാംഗിയുടെ ആഗ്രഹം ഇന്നത്തെ പെണ്‍കുട്ടികൾ ആരെക്കാളും ഒന്നിനേക്കാളും കുറഞ്ഞവരല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.