ബുവനേശ്വര്‍: 20 കാല്‍ വിരലുകളും 12 വിരലുകളുമായി ജനിച്ചതിന് മന്ത്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജിവിതം. 63 കാരിയായ നായക് കുമാരി യാണ് ഗഞ്ചാം ജില്ലയിലെ കടപ്പട ഗ്രാമത്തില്‍ ദുരിത ജീവിതം നയിക്കുന്നത്. വൈകല്യത്തോടെയാണ് ജനിച്ചതെന്നും ദരിദ്ര കുടുംബത്തില്‍പ്പെട്ടവളായതിനാല്‍ ചികിത്സിക്കാന്‍ കഴിഞ്ഞില്ലെന്നും നായക് കുമാരി പറയുന്നു . അയല്‍വാസികള്‍ താനൊരു മന്ത്രവാദിയാണെന്നാണ് കരുതുന്നതെന്നും തന്നോട് സംസാരിക്കാറില്ലെന്നും നായക് കുമാരി പറഞ്ഞു.
ഒന്നോ രണ്ടോ അധിക വിരലുകള്‍ ഉണ്ടാകുന്നത് അസാധാരണമല്ലെങ്കിലും 20 കാല്‍ വിരലുകളും 12 വിരലുകളും ഉള്ളത് വളരെ അപൂര്‍വ്വമാണെന്ന് ശസ്ത്രക്രിയാ വിദഗ്‌ധന്‍ ഡോ. പിനാക്കി മെഹന്ദി പറഞ്ഞു. 'പോളിഡാക്റ്റിലിയുടെ ഒരു കേസാണിത്. ജീനുകളിലെ പരിവര്‍ത്തനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരോ അയ്യായിരത്തിലും ഒന്നോ രണ്ടോ ആളുകള്‍ക്ക് ഒന്നോ രണ്ടോ അധിക വിരലുകള്‍ ഉണ്ട്. എന്നാല്‍ 20 കാല്‍ വിരലുകളും 12 വിരലുകളും വളരെ അപൂര്‍വ്വമാണെന്നും ഇത്തരം മെഡിക്കല്‍ അവസ്ഥയുള്ളവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയാണെന്നും മെഹന്ദി കൂട്ടിച്ചേര്‍ത്തു.