ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,821 പുതിയ കേസുകളും 1,181 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 63 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 63,12,585 കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കേസുകളിൽ 9,40,705 സജീവ കൊവിഡ് കേസുകളും, 52,73,202 രോഗമുക്തിയുമാണ് ഉള്ളത്. 1,181 കൊവിഡ് മരണങ്ങൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98,678 ആയി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 2,59,462 സജീവ കേസുകളും 10,88,322 രോഗശാന്തിയും 36,662 കൊവിഡ് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 1,07,635 സജീവ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 4,85,268 രോഗികൾ സുഖം പ്രാപിക്കുകയും 8,864 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 67,140 സജീവ കൊവിഡ് കേസുകളാണ് കേരളത്തിൽ ഉള്ളത്. 1,28,224 രോഗികൾ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 742 പേരാണ് കേരളത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് രാജ്യത്ത് സെപ്റ്റംബർ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 14,23,052 സാമ്പിളുകൾ പരിശോധിച്ചു.