ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90,95,806 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 501 പേർ മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം1,33,227 ആയി. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43493 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ ഒരു ദിവസം 50,000 ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പതിനഞ്ചാം ദിവസമാണ്. കഴിഞ്ഞ നവംബർ 7 നാണ് അവസാനമായി പുതിയ കേസുകൾ 50,000 പരിധി കടന്നത്. മഹാരാഷ്ട്രയിൽ 80,878 പേരാണ് ഇനി ചികില്‍സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനങ്ങളിൽ കേരളവും ഡൽഹിയും മുന്നിലാണ്. കേരളത്തിൽ 66,982ഉം ഡൽഹിയിൽ 39,741 ഉം ആണ് കൊവിഡ് രോഗികൾ. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കേരളമാണ് മുൻപിൽ.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നവംബർ 21 വരെ കൊവിഡ് പരിശോധനയ്ക്കായി 13,17,33,134 സാമ്പിളുകൾ പരീക്ഷിച്ചു. ഇതിൽ 10,75,326 സാമ്പിളുകളാണ് ഇന്നലെ പരീക്ഷിച്ചത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഒരു കോടി പരിശോധന നടത്തി. ശനിയാഴ്ച, ദേശീയ പോസിറ്റീവ് നിരക്ക് 6.93 ശതമാനവും, റിക്കവറി നിരക്ക് 93.67 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വീണ്ടും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. രാജസ്ഥാനിൽ എട്ട് ജില്ലകളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ജയ്പൂർ, കോട്ട, ഉദയ്പൂർ, അജ്മീർ എന്നിവിടങ്ങളിലും രാത്രികാല കർഫ്യൂ നടപ്പാക്കും. സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 200 ൽ നിന്ന് 500 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ രാജ് കോട്ട്, വഡോദര, സൂറത്ത് മേഖലകളിലും മധ്യദേശിലെ ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയാർ ഉൾപ്പടെ ഉള്ള മേഖലകളിലും രാത്രികാല കർഫ്യൂ ഇന്നലെ മുതൽ നടപ്പാക്കിത്തുടങ്ങി.