ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,589 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,292 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തുന്നതെന്നത് ശ്രദ്ധേയമാണ്. നിലവിൽ 9,47,576 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 83.01 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗം സ്ഥിരീകരിച്ച 51,01,398 പേർ രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ ദിവസം മാത്രം 11.42 ലക്ഷം ടെസ്റ്റുകൾ നടത്തിയതായും മൊത്തം 7.31 കോടി ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 2.65 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 10.49 ലക്ഷം പേർ രോഗമുക്തരായി. 35751 പേരാണ് മരിച്ചത്. ആന്ധ്രാ പ്രദേശിൽ 63116, കർണാടകയിൽ 1.04 ലക്ഷം, ഉത്തർ പ്രദേശിൽ 53953, കേരളത്തിൽ 57957 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. ബംഗാളിൽ 4837 പേരും ഉത്തർ പ്രദേശിൽ 5652 പേരും തമിഴ്നാട്ടിൽ 9383 പേരും പഞ്ചാബിൽ 3284 പേരും കർണാടകയിൽ 8641 പേരും ഗുജറാത്തിൽ 3428 പേരും ഡൽഹിയിൽ 5272 പേരും ആന്ധ്രാ പ്രദേശിൽ 5745 പേരും മരിച്ചു.
രാജ്യം കൂടുതൽ ഇളവുകളിലേക്ക് നീങ്ങുന്നതിനിടെ പ്രതിദിന രോഗബാധയിലും മരണ നിരക്കിലും വന്ന കുറവ് ആശ്വാസകരമാണ്. അൺലോക്ക് നാലിന്‍റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കിരിക്കെ അടുത്ത ദിവസം തന്നെ അൺലോക്ക് അഞ്ചിന്‍റെ മാനദണ്ഡങ്ങൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ അൺലോക്ക് അഞ്ചിൽ നൽകിയേക്കും. ലാബുകളുടെ ഉൾപ്പെടെ പ്രവർത്തനത്തിന് അനുമതി നൽകുമെന്നാണ് സൂചന. സിനിമ ശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ സംഘടനകളുമായിചർച്ചകൾ നടത്തിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. കൂടുതൽ ഇളവുകൾ എത്തുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാനുള്ള പ്രതിരോധ മാർഗങ്ങൾക്കാണ് സർക്കാരിന്‍റെ പ്രഥമപരിഗണന.