ന്യൂഡൽഹി: ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്ക് രേഖപ്പെടുത്തി രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,310 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി. ഇതിൽ 4,40,135 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ശേഷിക്കുന്ന 8,17,209 രോഗികള്‍ സുഖം പ്രാപിച്ചു. 740 രോഗികൾ കൂടി മരണത്തിന് കീഴടങ്ങി. ആകെ കൊവിഡ് മരണസംഖ്യ 30,601 ആയി.
മഹാരാഷ്ട്രയിൽ 3,47,502 കേസുകളും തമിഴ്‌നാട്ടിൽ 1,92,964 കേസുകളും ഡൽഹിയിൽ 1,27,364 കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച മാത്രം 3,52,801 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചതായും ഇതുവരെ 1,54,28,170 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയെന്നും ഐസിഎംആർ അറിയിച്ചു.