ന്യൂഡൽഹി: പുതുതായി 75,760 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. ആകെ 33,10,235 രോഗബാധിതരിൽ 7,25,991 സജീവ കേസുകളാണുള്ളത്. ഇതിൽ 25,23,772 രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,023 പേർ കൂടി കൊവിഡിന് കീഴടങ്ങിയതോടെ ഇന്ത്യയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 60,472 ആയി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ബുധനാഴ്ച 9,24,998 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 3.85 കോടിയിലധികം സാമ്പിളുകൾ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കി.
മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവിടുത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,73,195 ആണ്. 23,089 രോഗികൾ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയിൽ രോഗമുക്തി നിരക്ക് 90 ശതമാനമാണ്. 85 ശതമാനം കൊവിഡ് മുക്തി നിരക്കുമായി തമിഴ്‌നാടും തൊട്ടുപിന്നിലുണ്ട്. 83.80 ശതമാനം നിരക്കിൽ രോഗമുക്തി നേടുന്ന ബിഹാറാണ് മൂന്നാം സ്ഥാനത്ത്. അതേ സമയം, ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്യുന്നത് അസമിലാണ്. 0.27 ശതമാനമാണ് അസമിലെ മരണനിരക്ക്. 0.39 ശതമാനം മരണനിരക്കുള്ള കേരളമാണ് രണ്ടാം സ്ഥാനത്ത്.