ചണ്ഡിഗഡ്: ഹരിയാനയിൽ കഴിഞ്ഞ ദിവസം 66 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 442 ആയി. പുതിയതായി രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും എൻസിആർ ജില്ലകളായ ഫരീദാബാദ്, ഗുഡ്ഗാവ്, സോണിപട്ട്, ജജ്ജർ എന്നിവിടങ്ങളിൽ നിന്നാണ്. മൂന്ന് ഡോക്ടർമാർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ നാല് എഴുത്തുകാർക്കും നാല് തീർഥാടകർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തു.
ഒരു മാസത്തിനുള്ളിലെ ഏറ്റവും വലിയ കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 30 കേസുകളിൽ താഴെയാണ് ഹരിയാനയിൽ പൊതുവേ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. എന്നാൽ ഞായറാഴ്ച ഇത് 66 ആയി.
രോഗം ഭേദമാകുന്നവരുടെ കണക്കുകളിലും ഹരിയാന ഞായറാഴ്ച വളരെ പിന്നോട്ട് പോയി. 72 ശതമാനമായി ഉയർന്ന് നിന്നിരുന്നത് 55.43 ലേക്ക് കുറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും അധികം രോഗ മുക്തർ ഉണ്ടായിരുന്ന സംസ്ഥാനമാണ് ഹരിയാന. 245 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.
സംസ്ഥാനത്ത് വർധിച്ച് വരുന്ന കൊവിഡ് 19 കേസുകളുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു.
ഹരിയാനയിലെ മുഴുവൻ രോഗികളിൽ 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 24 വിദേശ പൗരന്മാരും ചികിത്സയിൽ തുടരുകയാണ്. ഇറ്റലിയിൽ നിന്നെത്തിയ 13 വിനോദസഞ്ചാരികൾ കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇവരിൽ ഒരു പ്രായമായ സ്ത്രീ മരിക്കുകയും ചെയ്തു.