ന്യൂഡല്‍ഹി: വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രാഫി അനുവദിച്ചാല്‍ വിമാന കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക അനുമതിയില്ലാതെ ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോ എടുക്കാന്‍ അനുവാദമില്ലെന്ന് ഡിജിസിഎ അറിയിച്ചു. വിമാന കമ്പനികള്‍ നിയമം ലംഘിക്കുകയാണെങ്കില്‍ ആ റൂട്ടില്‍ കമ്പനികള്‍ക്ക് രണ്ടാഴ്ച്ച വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഡിജിസിഎ അറിയിച്ചു.
നിയമ ലംഘനത്തിന് വിമാന കമ്പനി നടപടി സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളു. ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ ചണ്ഡിഗഡ് – മുംബൈ വിമാന യാത്രക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ കൊറോണ പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്തിനുള്ളില്‍ പ്രവേശിച്ച് താരത്തിന്‍റെ വീഡിയോയും ചിത്രവും പകര്‍ത്തിയത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിസിഎ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാനക്കമ്പനികൾക്കും ഉത്തരവ് അയച്ചു.എയർക്രാഫ്റ്റ് റൂൾസ് 1937 ലെ റൂൾ 13 അനുസരിച്ച് ഡിജിസിഎയോ സിവിൽ ഏവിയേഷൻ മന്ത്രാലയമോ അനുമതി നൽകുമ്പോൾ ഒഴികെ ഒരു വ്യക്തിക്കും ഒരു ഫ്ലൈറ്റിനുള്ളിൽ ഫോട്ടോയെടുക്കാൻ അനുവാദമില്ലെന്ന് ഉത്തരവിൽ പറയുന്നു.