ന്യൂഡൽഹി: രാജ്യത്ത് പുതിയ സൈബർ സുരക്ഷ നയം കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 1000 ദിവസത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളെ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കും.
ഡിജിറ്റൽ ഇന്ത്യയിൽ ഗ്രാമങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. ഇതിനായി ഒപ്റ്റിക്കൽ ഫൈബർ ശൃംഖല അതിവേഗം വികസിപ്പിക്കുകയാണ്. 1,000 ദിവസത്തിനുള്ളിൽ ഇത് ഓരോ ഗ്രാമപഞ്ചായത്തിലും എത്തും. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തിന്‍റെ പുരോഗതി എല്ലാ മേഖലകളിലും കാണപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ വീടുകളിലും വൈദ്യുതി, പാചക വാതകം, ദരിദ്രർക്ക് ബാങ്ക് അക്കൗണ്ട്, എല്ലാ വീടുകളിലും ശൗചാലയം എന്നിവയിലൊക്കെ ഇന്ത്യ പുരോഗതി കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.