ഹൈദരാബാദ്: ഹൈദരാബാദിലെ വ്യോമയാന അക്കാദമിയിൽ സംയുക്ത ബിരുദ പരേഡ് ശനിയാഴ്ച നടന്നു. വ്യോമസേനാ ചീഫ് എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് 19 സാഹചര്യം നിലനിൽക്കുന്നതിനാൽ പാസിങ് ഔട്ട് കേഡറ്റുമാരുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
രാവിലെ എട്ടിനാണ് പരേഡ് ആരംഭിച്ചത്. ചടങ്ങിൽ 19 വനിതാ കേഡറ്റുമാർ ഉൾപ്പെടെ 123 ബിരുദധാരികളായ ട്രെയിനികൾക്ക് വ്യോമസേനാ മേധാവി 'പ്രസിഡന്റ് കമ്മിഷൻ' നൽകി. ഫ്ലൈയിംഗ്, നാവിഗേഷൻ പരിശീലനം പൂർത്തിയാക്കിയ ഫ്ലൈറ്റ് കേഡറ്റുമാരുടെ 'വിംഗ്സ്', 'ബ്രെവെറ്റ്സ്' എന്നിവയും ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. വ്യോമസേന അക്കാദമിയിൽ പറക്കൽ പരിശീലനം പൂർത്തിയാക്കിയ ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് 'വിംഗ്സ്' സമ്മാനിച്ചു.
ചടങ്ങിൽ ലഡാക്ക് സംഘർഷത്തിൽ വീരമൃത്യു വരിച്ച 20 ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയ പറഞ്ഞു. സേന എന്തും നേരിടാൻ തയ്യാറായിരിക്കണമെന്നും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സമാധാനം ഉറപ്പു വരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഏത് ആകസ്‌മിക സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ വ്യക്തമാക്കി.