ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുകയാണ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥനയുമായി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി 35ലധികം സീറ്റുകള്‍ നേടുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ പറയുന്നു. പ്രചരണത്തിലുടനീളം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍. ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ വികസനത്തില്‍ പിന്നോട്ടായിരുന്നുവെന്നും ഇതുവരെ ഡല്‍ഹിയിലെ ജനങ്ങളെ ചതിക്കുകയായിരുന്നുവെന്നും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
അണ്ണാ ഹസാരെയുടെ പിന്‍ബലത്തിലാണ് കെജ്‌രിവാള്‍ അധികാരത്തിലേറിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ദേശീയശ്രദ്ധയുള്ള വിഷയങ്ങളില്‍ കെജ്‌രിവാള്‍ പ്രതികരിക്കുന്നില്ലെന്ന് പ്രാദേശിക വിഷയങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഇടപെടുന്നില്ലെന്ന കെജ്‌രിവാളിന്‍റെ ആരോപണത്തിന് മറുപടിയായി ഖട്ടര്‍ പറഞ്ഞു. ആം ആദ്‌മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രിക കഴിഞ്ഞ തവണത്തെ പത്രികയുടെ സമാന പതിപ്പാണെന്ന് മനോഹര്‍ ഖട്ടര്‍ കുറ്റപ്പെടുത്തി. സൗജന്യ വിദ്യാഭ്യാസത്തെക്കുറിച്ചും യമുനാ നദി ശുചീകരണത്തെക്കുറിച്ചും മുന്‍പ് സംസാരിച്ചിരുന്ന ആം ആദ്‌മി പാര്‍ട്ടി ഇപ്പോള്‍ തങ്ങള്‍ക്ക് ഭൂമി ഇല്ലെന്ന് പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി പറയണമെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറയുന്നു.
ഒരുവശത്ത് കെജ്‌രിവാള്‍ സൗജന്യ വൈദ്യുതി നല്‍കുമെന്ന് പറയുന്നു. മറുവശത്ത് യൂണിറ്റിന് 15രൂപയുണ്ടായിരുന്ന വൈദ്യുതി നിരക്ക് 18രൂപയാക്കി അദ്ദേഹം ഉയര്‍ത്തുകയും ചെയ്‌തു. ഹരിയാനയിലിത് യൂണിറ്റിന് നാല് രൂപയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗത്തിന് സൗജന്യ വൈദ്യുതി നല്‍കുന്നു.ചെറിയ വിഭാഗമായ അവര്‍ക്ക് സൗജന്യ വൈദ്യുതി അനുവദിക്കുന്നത് നല്ലതാണെന്നും എന്നാല്‍ എല്ലാവര്‍ക്കും ഈ സൗകര്യം നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.