ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിക്കും കുടുംബത്തിനും പുനരധിവാസത്തിനു സൗകര്യമൊരുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷന്‍ മേധാവി സ്വാതി മലിവാള്‍ പറഞ്ഞു. മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെൻഗാൾ പീഡനത്തിനിരയാക്കിയ പെൺകുട്ടിക്ക് ഡല്‍ഹിയില്‍ തന്നെ പ്രത്യേക താമസ സൗകര്യമൊരുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
'അവള്‍ ധീരയായ പോരാളിയാണ് കമ്മിഷന്‍ അവരെ സഹായിക്കുന്നതില്‍ പരമാവധി ശ്രമിക്കുമെന്നും അവളെ സഹായിക്കാൻ അവസരം നല്‍കിയ കോടതിക്ക് നന്ദി അറിയിക്കുന്നായും' ഡല്‍ഹി വനിത കമ്മിഷന്‍ മേധാവി സ്വാതി മലിവാള്‍ പറഞ്ഞു. ഇതിനായി ഇന്ന് ഒരു ടീമിനെ നിയോഗിക്കും. പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പുനരധിവാസ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനായി രണ്ട് കൗണ്‍സിലര്‍മാരടങ്ങുന്ന ഒരു ടീമിനെ നാമനിര്‍ദ്ദേശം ചെയ്യാൻ കോടതി ഡിസിഡബ്ള്യു ചെയര്‍പേഴ്സണോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പുറമെ ഏതെങ്കിലും അനുയോജ്യമായ സര്‍ക്കാര്‍ താമസസ്ഥലത്ത് കുറഞ്ഞത് 11 മാസക്കാലയളവില്‍ എങ്കിലും വാടകയ്ക്ക് താമസിക്കാനോ,ഡല്‍ഹിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനോ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ജൂലൈ 28നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ കുടുംബം സിആര്‍പിഎഫ് സുരക്ഷയിലാണ്.