മുംബൈ: ആവശ്യമുള്ളപ്പോള്‍ ദേശീയ തലസ്ഥാനം സന്ദര്‍ശിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും സന്ദർശിക്കാൻ ദേശീയ തലസ്ഥാനം സന്ദർശിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടിയായാണ് ശിവസേന അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
ശിവസേനയുടെ മുഖപത്രം സാമ്‌നയില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ ഡല്‍ഹി സന്ദര്‍ശനത്തെ കുറിച്ച് പരാമര്‍ശിച്ചത്. ഡല്‍ഹിയില്‍ പോകാൻ തടസമൊന്നുമില്ലെന്നും താല്‍പര്യക്കുറവ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയേയും കാണുമോ എന്ന് ചോദ്യത്തിനും എല്ലാവരെയും കാണുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഡിസംബർ ആറിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂനെയിൽ സന്ദർശിച്ചിരുന്നു. ഡിസംബർ 7, 8 തീയതികളിൽ പൂനെയില്‍ നടന്ന ഡയറക്ടർ ജനറല്‍മാര്‍, പൊലീസ് ഇൻസ്‌പെക്ടര്‍മാര്‍ തുടങ്ങിയവരുടെ സമ്മേളനത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സന്ദര്‍ശനം.