ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന കമ്പാർട്ട്‌മെന്‍റൽ പരീക്ഷയുടെ ഫലം ഒക്ടോബർ 10 നകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശന പ്രക്രിയ ഒക്ടോബർ 31 നകം അവസാനിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മിഷൻ (യുജിസി) അറിയിച്ചു. ഇതോടെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷിക്കാൻ മതിയായ സമയം ലഭിക്കും.
കൊവിഡ് മൂലം ഈ വർഷം കമ്പാർട്ട്‌മെന്‍റ് പരീക്ഷകൾ വൈകിയതിനാൽ കോളജ് പ്രവേശന കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എഎം ഖാൻവിൽക്കറുടെ ബെഞ്ചാണ് വാദം കേട്ടത്. വിദ്യാർഥികൾക്ക് കോളജുകളിൽ പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യുജിസിയുമായി ഏകോപിപ്പിച്ച് വേണം ഇത് ചെയ്യാനെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
രണ്ട് ലക്ഷം വിദ്യാർഥികളാണ് കമ്പാർട്ട്‌മെന്‍റ് പരീക്ഷകൾ എഴുതുന്നത്. സെപ്റ്റംബർ 22 മുതൽ 29 വരെയാണ് പരീക്ഷകൾ നടക്കുക. സിബിഎസ്‌ഇയില്‍ തോറ്റ കുട്ടികള്‍ക്കായുള്ള പരീക്ഷയാണ് കമ്പാര്‍ട്ട്‌മെന്‍റ് പരീക്ഷ നടത്തുക.