ഡല്‍ഹി: സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നിരന്തരം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ജനങ്ങളുടെ ജീവന് ഭീഷണയില്ലാത്ത സാഹചര്യം നിലവില്‍ വന്നുവെന്ന് ഉറപ്പുവരുമ്പോള്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍വീസുകള്‍ ഏതൊക്കെ രാജ്യങ്ങളിലേക്ക് നടത്തണമെന്നതിനെ കുറിച്ചെല്ലാം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
വന്ദേ ഭാരത് മിഷന്‍റെ മൂന്നാംഘട്ടത്തില്‍ കുറച്ച് വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ വിമാനങ്ങള്‍ മടങ്ങിപോകുമ്പോള്‍ ആ രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ കയറ്റുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അതിനാല്‍ ജനങ്ങള്‍ക്ക് ഈ സേവനം ഫലപ്രദമായി ഉപയോഗിക്കാമെന്നും വ്യോമയാന മന്ത്രി പറഞ്ഞു.
മെയ് 6 മുതല്‍ വന്ദേഭാരത് മിഷന് വഴി 57000 ആളുകളെ 312 വിമാനങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്നായി തിരികെ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മെയ് 25നാണ് രാജ്യത്ത് ആഭ്യന്തര സര്‍വീസ് പുനരാരംഭിച്ചത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ആളുകളെ വിമാനത്തില്‍ കയറ്റുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന നിരവധി പേരാണ് ആഭ്യന്തര സര്‍വീസ് പുനരാരംഭിച്ചത് വഴി നാട്ടിലേക്ക് മടങ്ങുന്നത്.