ഹൈദരാബാദ്: നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മോദി ജമ്മു കശ്മീരില്‍ വിദേശ സംഘത്തിന് മാത്രമേ സന്ദർശനാനുമതി നലകൂവെന്നും താൻ സന്ദർശിക്കാനെത്തിയാല്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തന്നെ അറസ്റ്റ് ചെയ്ത് നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത എനിക്ക് ഞാൻ ആഗ്രഹിക്കുന്ന പോലെ കശ്മീരില്‍ സന്ദർശനം നടത്താൻ പറ്റില്ല. എന്നാൽ മോദി അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും ദൂതന്മാരെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെയും അദ്ദേഹം വിമർശിച്ചു. പ്രത്യേക പദവിയെടുത്ത് കളഞ്ഞ് ശേഷം ഇതുവരെ കശ്മീരില്‍ ഇന്‍റർനെറ്റ് സേവനങ്ങൾ തിരികെ എത്തിയിട്ടില്ല എന്നും ഒവൈസി പറഞ്ഞു. തെലങ്കാനയിലെ മുന്‍സിപ്പില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാരായൺപേട്ട് ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ വലിയ തെറ്റാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടും അവ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും അത് ചോദ്യം ചെയ്തപ്പോൾ മുത്തലാഖ് നിയമവും ആർട്ടിക്കിൾ 370 റദ്ദാക്കുകയും ഇപ്പോൾ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരികയും ചെയ്ത് അത് പ്രതിരോധിക്കാൻ ശ്രമിക്കുകയാണെന്നും ഒവൈസി പറഞ്ഞു.