തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി. ആന്ധാപ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിന്‍റെ പ്രാധ്യാന്യത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ആന്ധ്രാ സര്‍ക്കാര്‍ അപ്പീലുമായി പരമോന്നത കോടതിയ സമീപിച്ചത്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതു സംബന്ധിച്ച് ഒരു വര്‍ഷമായി നീണ്ടു നിന്ന വടംവലികള്‍ക്കാണിപ്പോള്‍ കോടതി ഒരു യുക്തിസഹമായ പര്യവസാനം ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ബാലറ്റ് പോരാട്ടത്തിനുള്ള വഴി തുറക്കുന്നതിനു പകരം ഭരണഘടനാ വ്യവസ്ഥകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പ്രശ്‌നം സൃഷ്‌ടിച്ചത്. ആന്ധ്രപ്രദേശിലെ ഭരണകക്ഷിക്ക് അവകാശപ്പെടാവുന്ന പ്രത്യേകതയ്ക്കാണ് അത് അടിവരയിടുന്നത്.
തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംബന്ധിച്ച് സമാനമായ അധികാരങ്ങള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്കും ഉള്ളതെന്ന് മുന്‍പ് പലതവണ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നിട്ടും പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കുന്നതു സംബന്ധിച്ചുണ്ടായ അന്യായമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയും നിലവിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറെ ആ സ്ഥാനത്തു നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്ത സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇങ്ങനെ അതൃപ്‌തികരമായ സംഭവ വികാസങ്ങളിലേക്ക് നയിക്കുവാന്‍ ഇടയായ സാഹചര്യങ്ങള്‍ സൃഷ്‌ടിച്ചതിന് സംസ്ഥാന സര്‍ക്കാരിനെയല്ലാതെ മറ്റാരേയും കുറ്റപ്പെടുത്തേണ്ടതില്ല.
നാലു ദിവസം മുന്‍പാണ് തെരഞ്ഞെടുപ്പ് നടത്തുവാനുള്ള കൃത്യമായ സമയം തീരുമാനിക്കുവാനുള്ള അന്തിമ അധികാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളതെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബഞ്ച് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സര്‍ക്കാരും ഒരുപോലെ മുന്നോട്ട് പോകേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകളും രോഗ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടികളും ഒരുപോലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള കാര്യങ്ങളാണെന്ന് ഊന്നി പറഞ്ഞു കൊണ്ടു തന്നെ വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇരുവിഭാഗവും അവ രണ്ടും സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നത് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടി കാട്ടി. ഇതിനെ തുടര്‍ന്നാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. രോഗ പ്രതിരോധ കുത്തിവെയ്പ്പ് നടന്നു വരുന്നതിനാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല എന്ന വാദവുമായാണ് അവര്‍ ഉന്നത നീതിപീഠത്തെ സമീപിച്ചത്. എന്നാല്‍ അവിടേയും സര്‍ക്കാരിന് തിരിച്ചടിയേറ്റു. ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികളുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു കോടതി ചൂണ്ടി കാട്ടേണ്ടതുണ്ടോ എന്നാണ് ഉന്നത നീതിപീഠം ചോദിച്ചത്. മാത്രമല്ല കൊവിഡ് മഹാമാരി അതിന്‍റെ പരമകാഷ്ഠയില്‍ നിന്നിരുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ബന്ധം പിടിച്ചിരുന്ന സര്‍ക്കാര്‍ മഹാമാരി കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ വേളയില്‍ എന്തുകൊണ്ട് അതിന് മടിക്കുന്നു എന്ന് കോടതി ആരാഞ്ഞു. കോടതിയുടെ ഇത്തരം നിരീക്ഷണങ്ങള്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നു.
ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച സുപ്രീം കോടതി എസ്ഇസി എവിടെയാണ് അനൗചിത്യമായി പ്രവര്‍ത്തിച്ചത് എന്നും എന്തുകൊണ്ടാണ് ഉദ്യോഗസ്ഥ വൃന്ദം അദ്ദേഹത്തിനെതിരെ നിലകൊണ്ടത് എന്നും ചോദിച്ചു. വാദിക്കുന്ന കാര്യങ്ങള്‍ക്കപ്പുറത്ത് മറ്റ് എന്തൊക്കെയോ കാരണങ്ങളാണ് സര്‍ക്കാര്‍ വാദ മുഖങ്ങളുടെ പിറകിലുള്ളത് എന്ന് കരുതേണ്ടിയിരിക്കുന്നു എന്നും നീതിപീഠം നിരീക്ഷിച്ചു. തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് എസ്ഇസിയുടെ തീരുമാനം അന്തിമമാണെന്ന് പറഞ്ഞു കൊണ്ട് ഭരണഘടനയുടെ അന്തസത്തയും ഉയര്‍ത്തി പിടിച്ചു കോടതി.
നിയമ നിര്‍മ്മാണ സഭ, ഭരണ നിര്‍വ്വഹണ വിഭാഗം, നീതി ന്യായ വ്യവസ്ഥ എന്നിവയുടെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്ത്യന്‍ ഭരണഘടന വളരെ വ്യക്തമായി തന്നെ നിര്‍വചിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ തന്നെ ഭരണഘടന നല്‍കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടത്തുവാന്‍ അനുവാദം നല്‍കുന്നതിനു വേണ്ടി നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടു വന്നിട്ടുണ്ട് 243 കെ വകുപ്പ് എങ്കിലും തെരഞ്ഞെടുപ്പുകള്‍ നടത്തുവാനുള്ള എല്ലാ അധികാരങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ് നല്‍കിയിട്ടുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള കാലാവധി മൂന്നാഴ്‌ച എന്നുള്ളത് രണ്ടാഴ്‌ചയായി ചുരുക്കുന്നതിനുള്ള ഒരു നിയമ നിര്‍മ്മാണം ഈയിടെ ആന്ധപ്രദേശ് നിയമസഭ കൊണ്ടു വരികയുണ്ടായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യം മാത്രമേ ഉള്ളൂ എന്ന് ഭരണഘടനാ വകുപ്പുകള്‍ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍ സര്‍ക്കാരുകളില്‍ നിന്നും അനുമതി നേടിയെടുക്കേണ്ട ആവശ്യമൊന്നും കമ്മിഷണര്‍ക്കില്ല. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുവാനുള്ള അനുമതി എസ് ഇ സി സംസ്ഥാന സര്‍ക്കാരില്‍ നിന്നും നേടിയെടുക്കേണ്ടത് നിര്‍ബന്ധമാക്കുന്ന ഒരു പ്രമേയമാണ് ഈയിടെ ആന്ധ്രപ്രദേശ് നിയമസഭ പാസാക്കിയത്. ഇതിന്‍റെ ഫലമെന്നോണം ഭരണഘടനയുടെ അന്തസത്തക്ക് ഒട്ടും തന്നെ യോജിക്കാത്ത നിലയില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥ വൃന്ദവും ജീവനക്കാരും ഏകകണ്ഠമായി തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന കാര്യത്തില്‍ എസ്ഇസിയുമായി സഹകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.
നിയമസഭയും ഭരണ നിര്‍വ്വഹണ വിഭാഗവും ഒരുപോലെ ഇങ്ങനെ എസ്ഇസിയെ പ്രതിരോധിക്കുന്നത് മുന്‍പൊന്നും കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്. അധികാരത്തിലിരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളണമെന്ന് ഭരണഘടനാ സ്ഥാപനങ്ങളോട് ഉത്തരവിടുന്ന ഇത്തരം പ്രവണതകള്‍ ജനാധിപത്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. അധികാരത്തിലിരിക്കുന്നവരുടെ സന്തോഷത്തിനു വേണ്ടി തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരിക എന്നുള്ളത് ഒരു നിശ്ചിത കാലാവധിക്ക് ശേഷം തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്ന അടിസ്ഥാനപരമായ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഒന്നായി മാറുന്നു. എസ്ഇസി തന്‍റെ അധികാരങ്ങള്‍ വിവേകപൂര്‍വം തന്നെ വിനിയോഗിക്കുമെന്നു വിശ്വസിക്കുന്നതായി സുപ്രീം കോടതി പ്രഖ്യാപിച്ചു. അത്തരം അധികാരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള മാര്‍ഗ ഭ്രംശം സംഭവിച്ചാല്‍ അത് തടയുക തന്നെ ചെയ്യുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണഘടനയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നു വേണം ഓരോ ഭരണഘടനാ വ്യവസ്ഥയും പ്രവര്‍ത്തിക്കേണ്ടത്. അവ പരസ്പരം പോരാടുവാനാണ് തുനിയുന്നതെങ്കില്‍ അത് നമ്മുടെ വ്യവസ്ഥകളെ എല്ലാം അപമാനിക്കുന്നതിന് തുല്യമാകും. അത്തരം പോരാട്ടങ്ങളില്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുന്നത് പൊതു ജന താല്‍പ്പര്യങ്ങള്‍ക്കുമായിരിക്കും.