ഇന്ത്യൻ അതിർത്തി കടന്നെത്തിയത് എഫ് 16 എന്ന് ഇന്ത്യ തെളിവ് പുറത്തുവിട്ടതോടെ കൂടുതൽ വിവരങ്ങൾ തേടി അമേരിക്ക. അത്യാധുനിക എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് അംറാം (AMRAAM) എന്ന മിസൈലാണ് ഇന്ത്യക്ക് നേരെ പാകിസ്ഥാൻ ഉപയോഗിച്ചത് എന്ന തെളിവാണ് ഇന്ത്യ പുറത്തു വിട്ടത്.
അമേരിക്കൻ നിർമിത വിമാനങ്ങളായ എഫ് 16 ദുരുപയോഗം ചെയ്തതിന് തെളിവ് തേടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‍മെന്‍റ് വ്യക്തമാക്കി. വിദേശരാജ്യങ്ങൾക്ക് ആയുധങ്ങളും യുദ്ധവിമാനങ്ങളും നൽകുന്ന കരാറിലെ എല്ലാ വ്യവസ്ഥകളുംപുറത്തുവിടാനാകില്ലെന്നും എന്നാൽ കരാർ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നുംയുഎസ് സ്റ്റേറ്റ് പ്രതിരോധമന്ത്രാലയത്തിന്‍റെ വക്താവ് ലഫ്. ജനറൽ കോൺ ഫോക്ക്നർ പറഞ്ഞു.
ഇത് പാകിസ്ഥാനുമായുള്ള വിമാനക്കരാറിന്‍റെ ലംഘനമാണെന്നാണ് അമേരിക്കയുടെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാനാണ് അമേരിക്ക പാകിസ്ഥാനിൽ നിന്ന് കൂടുതൽ വിവരം തേടിയത്.
2016-ലാണ് അമേരിക്ക പാകിസ്ഥാന് എട്ട് എഫ് 16വിമാനങ്ങൾ കൈമാറിയത്. ഇതിനെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ആഗോളതലത്തിൽത്തന്നെ ഏറ്റവും വലിയ ആയുധവിൽപനക്കാരായ അമേരിക്ക കർശനമായ ആയുധക്കരാറുകളുടെ അടിസ്ഥാനത്തിലാണ് മറ്റ് ലോകരാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നത്. ആയുധങ്ങൾ ദുരുപയോഗം ചെയ്താൽ ഏകപക്ഷീയമായി കരാറുകൾ റദ്ദാക്കാൻ വരെ അമേരിക്ക തയ്യാറാകും.