ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗം മുൻനിർത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റുള്ളവരും രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി ഉത്തർപ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ്.
കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ടാണ് സമാന സംഭവം റിപ്പോർട്ട് ചെയ്ത രാജസ്ഥാൻ സന്ദർശിക്കാത്തതെന്നും യുപി കാബിനറ്റ് മന്ത്രി ചോദിച്ചു. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി പോലും രാജസ്ഥാനിലെ സംഭവത്തിന് ഉത്തരം നൽകണമെന്നും സിദ്ധാർത്ഥ് നാഥ് കൂട്ടിച്ചേർത്തു. ഇരയുടെ കുടുംബത്തെ കാണാൻ രാഹുലും പ്രിയങ്കയും ഹത്രാസ് സന്ദർശിക്കുമ്പോഴാണ് സിദ്ധാർത്ഥ് നാഥിന്‍റെ പ്രസ്താവന. സ്ത്രീകൾ ഉൾപ്പെടെയുള്ള എല്ലാവർക്കും സുരക്ഷ നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ബാരാനിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകളെങ്കിലും രാജസ്ഥാൻ പൊലീസ് ഇത് നിഷേധിച്ചു.
ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നഷ്ടപരിഹാരമായി നൽകുമെന്നും കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലി നൽകുമെന്നും ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. കേസ് അന്വേഷിക്കാൻ സർക്കാർ മൂന്നംഗ എസ്‌ഐടി രൂപീകരിച്ച് സംഭവം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കുമെന്നും അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് ഹാത്രാസിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായത്. തുടർന്ന് ചൊവ്വാഴ്ച സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് യുവതി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്.