കൊൽക്കത്ത: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമർശിക്കുകയും ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി തൊഴിലാളികളുടെ തൊഴിൽ അപകടത്തിലാക്കുകയും ചെയ്തതായി മമത ബാനർജി പറഞ്ഞു. കൊവിഡ് 19ല്‍ നിന്ന് പെട്ടന്ന് ആശ്വാസം ലഭിക്കില്ലെന്നും സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള താക്കോൽ ബംഗാളിന്‍റെ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലാണെന്നും മമത ബാനർജി പറഞ്ഞു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ പാലിക്കുകയും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുകയും ചെയ്യും. 100 ദിവസത്തെ വർക്ക് സ്കീം (എംജിഎൻആർജിഎ) പ്രകാരം സർക്കാരിന് അവരെ നിയമിക്കാൻ കഴിയുമെന്നും മമത ബാനർജി പറഞ്ഞു.
കൊവിഡ് വൈറസ് പ്രഹരത്തിൽ നിന്ന് വ്യവസായങ്ങള്‍ തിരിച്ചുപിടിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ചില തൊഴിൽ നിയമങ്ങൾ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് മമത ബാനർജിയുടെ അഭിപ്രായം. പശ്ചിമ ബംഗാളിൽ എംജിഎൻആർജിഎ പുനരാരംഭിക്കാനും സാമൂഹ്യ അകലം കർശനമായി പാലിക്കാനും നടപടികൾ സ്വീകരിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ റേഷനിംഗ് സംവിധാനത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പൊതുവിതരണ സമ്പ്രദായത്തെ (പിഡിഎസ്) സംബന്ധിച്ച് പരാതികളൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ ടിഎംസി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആസന്നമായ മഴക്കാലം കണക്കിലെടുത്ത് ഡെങ്കിപ്പനിക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.