കൊൽക്കത്ത: ഹൂഗ്ലി നദി അല്ലെങ്കിൽ കതി-ഗംഗ മലിനീകരണ ഭീഷണിയിലാണ്. പശ്ചിമബംഗാളിലെ വ്യവസായമേഖലയിലൂടെ കടന്നുപോകുന്ന നദി ബംഗാൾ ഉൾക്കടലിൽ ചേരുന്നു. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ, വ്യവസായ മാലിന്യങ്ങൾ തുടങ്ങിയവ നേരിട്ടെത്തുന്നതാണ് നദിയെ മലിനമാക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ടോളി നുല്ല എന്ന കനാലിലൂടെ വലിയ തോതിൽ മാലിന്യം നദിയിലെത്തിച്ചേരുന്നു. മലിനീകരണ നിയന്ത്രണ പദ്ധതികൾ പ്രകാരം ടോളി നുല്ലയിൽ നിന്ന് മാലിന്യം പുറന്തള്ളുന്നത് പ്രതിരോധിക്കാൻ മൂന്ന് മാലിന്യ ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.
കൊൽക്കത്തയിൽ നിന്നും കുറച്ച് കിലോമീറ്ററുകൾ മാറി സ്ഥിതി ചെയ്യുന്ന ബരാക്‌പൂർ ജനസംഖ്യ കൂടിയ നഗരമാണ്. എന്നാൽ ഇവിടെ ആവശ്യത്തിന് മാലിന്യ നിർമാർജന പ്ലാന്‍റുകളോ മറ്റ് സംവിധാനങ്ങളോ ഇല്ല. ഈ പ്രദേശങ്ങളിലെ മാലിന്യം നേരിട്ട് നദിയിലേക്കെത്തുകയാണ് ചെയ്യുന്നത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി നൂറ്റമ്പതോളം കിലോമീറ്റർ നീളമുള്ള മലിനീകരണ സംവിധാന ശൃംഖലയുടെ നിർമാണം അതിവേഗത്തിൽ നടന്നുവരികയാണ്. ഈ സംവിധാനം ഏകദേശം 35,000 ലധികം വീടുകളെ ബന്ധിപ്പിക്കുന്നു. 2020 അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്ലാന്‍റുകൾ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
പദ്ധതി പൂർണമായിക്കഴിഞ്ഞാൽ മലിനജലം നേരിട്ട് ഗംഗയിലേക്ക് എത്തുന്നത് തടയാന്‍ സാധിക്കും. മലിനജലം സംസ്‌കരിച്ച് ഖരമാലിന്യങ്ങള്‍ വേർതിരിക്കുന്നു. ഈ ഖരമാലിന്യങ്ങള്‍ കാർഷികാവശ്യങ്ങൾക്ക് ജൈവ വളമായി വിനിയോഗിക്കുന്നു. തുടർന്ന് ശുദ്ധീകരിച്ച ജലമാണ് നദിയിലേക്ക ഒഴുക്കുന്നതെന്ന് അസിസ്റ്റന്‍റ് കൺസ്‌ട്രക്ഷൻ മാനേജർ ചന്ദ്രനാഥ് മുഖർജി പറഞ്ഞു. മാലിന്യ സംസ്‌കരണ പദ്ധതികളുടെ ഭാഗമായി നാഷണൽ മിഷൻ ഫോർ ക്ലീൻ ബരാക്‌പൂരി നിരവധി ഗംഗാ ഘട്ടുകൾ പുനർനിർമിച്ചു. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ മലിനജല സംസ്‌കരണം, വ്യാവസായിക മാലിന്യ സംസ്‌കരണം, നദിയുടെ ഉപരിതല ശുചീകരണം, ഘട്ടുകളുടെ നിർമാണ പ്രവർത്തനങ്ങൾ എന്നിവ നടക്കുകയാണ്. എല്ലാ പദ്ധതികളുടെയും പ്രധാന ലക്ഷ്യം ഗംഗയിലേക്കുള്ള മലിനജല പ്രവാഹം തടയുക എന്നതാണ്.