ന്യൂഡൽഹി: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ. തസ്തികകളിൽ തനിക്ക് ഒരിക്കലും താൽപര്യമില്ലെന്നും തത്വങ്ങൾക്കായി പോരാടുകയാണെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, മാസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ സൗഹാർദ്ദപരമായ അവസാനത്തിന്‍റെ സൂചനയാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
“സ്വാഗതം സച്ചിൻ. രാജസ്ഥാന്‍റെ ക്രിയാത്മകവും ആസ്വാദ്യകരവുമായ ഘട്ടം കാത്തിരിക്കുന്നു,” -പാർട്ടി പ്രസ്താവന ഇറക്കിയതിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു. രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച കെ. സി. വേണുഗോപാൽ, രൺദീപ് സുർജേവാല, അജയ് മകെൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ സിംഗ്വി അഭിനന്ദിച്ചു.
രാഹുൽ ഗാന്ധിയുടെയല്ലാതെ മറ്റാരുടേയും ഇടപെടലിലൂടെയും രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി രമ്യമായി പരിഹരിക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. പാർട്ടിയിലെ അചഞ്ചലമായ ഐക്യത്തിന്‍റെയും ജനാധിപത്യത്തെ പരാജയപ്പെടുത്താനുള്ള ബിജെപിയുടെ ദുഷിച്ച പ്രവർത്തനങ്ങൾക്ക് ഇരയാകാതിരിക്കാൻ കോൺഗ്രസ് നിയമസഭാംഗങ്ങളുടെ പ്രതിബദ്ധതയുടെയും പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ശ്രമങ്ങൾ രാജസ്ഥാൻ കോൺഗ്രസിന്‍റെ തർക്കം പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. അനുരഞ്ജനത്തിന്‍റെ പാതയാണ് പൈലറ്റിനും നമുക്കെല്ലാവർക്കും ഏറ്റവും മികച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ, രൺദീപ് സുർജേവാല, അജയ് മകെൻ എന്നിവർക്ക് ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അഭിഷേക് ദത്തും നന്ദി അറിയിച്ചു.
പൈലറ്റ് രാജസ്ഥാനിലെ കോൺഗ്രസിന്‍റെയും സർക്കാരിന്‍റെയും താൽപ്പര്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പാർട്ടി അറിയിച്ചു. പാർട്ടിയുടെ മുൻ മേധാവിയുടെ വസതിയിൽ വച്ച് രാഹുൽ ഗാന്ധിയും പൈലറ്റും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇരുവരും തമ്മിൽ തുറന്നതും നിർണായകവുമായ ചർച്ച നടന്നതായി പാർട്ടി അറിയിച്ചു.