പട്‌ന: സംസ്ഥാനത്ത് പട്‌നയിലെ ഗ്രാമീണ പ്രദേശത്ത് കഴിഞ്ഞ ആഴ്‌ച വിവാഹിതരായ ദമ്പതികളിൽ നവ വരൻ കടുത്ത പനി മൂലം മരിച്ചു. മൃതദേഹം കൊവിഡ് പരിശോധനക്ക് വിധേയമാക്കാതെ വീട്ടുകാർ സംസ്‌കരിച്ചു. സംസ്ഥാനത്തെ വലിയ കൊവിഡ് ശ്യംഖലക്ക് ഇത് കാരണമായേക്കാമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പലിഗഞ്ച് സബ് ഡിവിഷനിൽ കോൺടാക്‌റ്റ് ട്രേസിങ്ങിലൂടെ കണ്ടെത്തിയ 350 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 100ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവാഹത്തിൽ പങ്കെടുത്ത പതിനഞ്ചോളം ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു വരനെന്നും മെയ് അവസാനത്തിലാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 'തിലക്' ചടങ്ങിന് ശേഷമാണ് ഇയാൾ രോഗ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. തുടർന്ന് ജൂൺ 15ന് വിവാഹിതനാവുകയും ജൂൺ 17ന് രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു. തുടർന്ന് അധികൃതരെ വിവരം അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ചു.
പിന്നീട് വിവരം അറിഞ്ഞ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്പെഷ്യൽ ക്യാമ്പ് ആരംഭിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. പട്‌നയിൽ മാത്രമായി 699 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 372 സജീവ കൊവിഡ് കേസുകളാണ് നിലവിൽ പട്‌നയിലുള്ളത്.