ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ണായക സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം തീരുമാനിച്ചു.
യോഗത്തിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഡല്‍ഹി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി, കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര എന്നിവർ പങ്കെടുത്തു. ഡല്‍ഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലും ആഭ്യന്തര മന്ത്രാലയത്തിലെയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. ജാതി, മത, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതീതമായി പ്രവര്‍ത്തിക്കണമെന്നാണ് യോഗത്തില്‍ കൈക്കൊണ്ട തീരുമാനം.
ക്രമസമാധാന പാലനത്തിനായി അക്രമം നടക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പൊലീസ് സേനയെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. എന്നാല്‍ ക്രമസമാധാന പാലനത്തിനായി സൈന്യത്തെ വിന്യസിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ഏതാനും രാഷ്ട്രീയക്കാർക്കെതിരെ ഇതിനകം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കന്‍മാരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സിഎഎ അനുകൂല, സിഎഎ വിരുദ്ധ ഗ്രൂപ്പുകൾ തമ്മിൽ തിങ്കളാഴ്ച നടന്ന അക്രമത്തിൽ ഒൻപത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 30 പൊലീസുകാർക്ക് പരിക്കേറ്റതായി ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിടെയാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ വ്യാപക അക്രവും സംഘര്‍ഷവും ഉടലടുത്തത്.