ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാർക്ക് കൈക്കൂലി നൽകി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇത് തള്ളക്കളയുന്നുവെന്നും ബിജെപി വക്താവ് സംബിത് പത്ര. കോൺഗ്രസിന്‍റെ പരാജയം മറച്ചുവെക്കാനും വിഷയത്തിൽ ബിജെപിയെ കുറ്റപ്പെടുത്താനുമുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും സംബിത് പത്ര ആരോപിച്ചു.
സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമയും ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ബിജെപി രംഗത്തെത്തിയത്. വിമത എംഎൽഎമാരും ബിജെപിയും തമ്മിലുള്ള കുതിരകച്ചവടത്തിന്‍റെ ഓഡിയോ, ട്രാൻസ്ക്രിപ്റ്റും സുരജേവാല ഇന്നലെ പുറത്തുവിട്ടിരുന്നു.