കൊൽക്കത്ത: എല്ലാ മത-ജാതി വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യ വൈവിധ്യത്തിന്‍റേയും ഐക്യത്തിന്‍റെയും നാടാണ്. സാമുദായിക ഐക്യത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മമത ട്വീറ്റില്‍ കുറിച്ചു. ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ 'ഐക്യശ്രീ' പദ്ധതി നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2011 മുതൽ 5,657 കോടി രൂപയുടെ 2.03 കോടി സ്കോളർഷിപ്പ് ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിയിട്ടുണ്ട്, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. സാമ്പത്തികമായി ദരിദ്ര പശ്ചാത്തലമുള്ള ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്കാണ് ഐക്യശ്രീ പദ്ധതി സ്കോളർഷിപ്പ് നൽകുന്നത്. വിവിധ മത്സരപരീക്ഷകൾക്കും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പരിശീലന പരിപാടികൾക്കും സ്കോളര്‍ഷിപ്പ് ഉപകരിക്കുമെന്നും മമത പറഞ്ഞു.