കൊൽക്കത്ത: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ മരത്തിന് മുകളിൽ ഏകാന്ത വാസം നടത്തി തൊഴിലാളി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബലരാംപൂരിലാണ് സംഭവം. തമിഴ്നാട്ടാലെ ചെന്നൈയിൽ ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെപ്പോഴാണ് 14 ദിവസത്തെ ഏകാന്തവാസം നടത്താൻ ആവശ്യപ്പെട്ടത്. തനിയെ കഴിയാൻ മുറി ഇല്ലാത്തതിനെത്തുടര്‍ന്നാണ് ഇത്തരത്തിൽ മരത്തിൽ താമസിക്കുന്നതെന്ന് ബിജോയ് സിംഗ് ലയ പറയുന്നു. ബിജോയ് സിംഗ് ലയ ഉൾപ്പെടെ നിരവധിയാളുകളാണ് ഇത്തരത്തിൽ പാലായനം ചെയ്ത് സ്വന്തം നാടുകളിൽ എത്തുന്നത്.
ഏകാന്ത വാസത്തിന്‍റെ എല്ലാ നിയമങ്ങളും പാലിച്ചാണ് മരത്തിൽ കഴിയുന്നതെന്നും ഇവിടെ സന്തുഷ്ടനാണെന്നും ബിജോയ് പറഞ്ഞു. മൂന്ന് നേരം കൃത്യമായ ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നുണ്ടെന്നും വെള്ളം ചൂടാക്കാനും ആവശ്യമായ ഭക്ഷണം പാകം ചെയ്യാൻ അടുപ്പും മരത്തിന് താഴെ നിര്‍മ്മിച്ചിട്ടുണ്ടെന്നും ബിജോയ് വ്യക്തമാക്കി. കിടക്കാനും ഇരിക്കാനും ഉതകുന്ന തരത്തിൽ മരത്തിൽ തുണി വളച്ചു കെട്ടിയാണ് ഇയാൾ ഏകാന്തവാസം നടത്തുന്നത്.