അമരാവതി: ഗോദാവരി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. നദിയുടെ ജലനിരപ്പ് 60 അടിയായി ഉയർന്നു. തെലങ്കാനയിലെ ഭദ്രാചലം, ദോവാലേശ്വരം എന്നിവിടങ്ങളിലും വെള്ളപ്പൊക്കം ബാധിച്ചു. മുന്നറിയിപ്പിന്‍റെ ഭാഗമായി വെള്ളം ബംഗാൾ ഉൾക്കടലിലേക്ക് ഒഴുക്കുകയാണ് അധികൃതർ. ദോവാലേശ്വരത്ത് രണ്ടാമത്തെ മുന്നറിയിപ്പ് തുടരുകയാണ്. പടിഞ്ഞാറേ ഗോദാവരി ജില്ലയിലെ 55 ഗ്രാമങ്ങളും കിഴക്കേ ഗോദാവരി ജില്ലയിലെ 100 ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങി. കിഴക്കേ ഗോദാവരി ജില്ലയിൽ നിന്നും 6,000 ത്തോളം പേരെയും പടിഞ്ഞാറേ ഗോദാവരിയിൽ നിന്നും 2,000 ത്തോളം പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഗോദാവരിയുടെ പോഷക നദികളായ ഗൗതമി, വസിഷ്‌ട, വിനാടേയ എന്നിവയും കരകവിഞ്ഞു. മുൻകരുതൽ നടപടിയുടെ ഭാഗമായി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം നിർത്തലാക്കി. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്‌തു.