ഹരിയാന/പല്‍വാല്‍: നമ്മുടെ ജീവിതത്തിലെ ഏറ്റവും അനിവാര്യമായ ആവശ്യങ്ങളില്‍ ഒന്നാണ് വെള്ളം. ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളമാണെങ്കിലും നിരന്തര ഉപയോഗം മൂലം കോടികണക്കിനാളുകളാണ് ദാഹജലം ഇല്ലാതെ ഇവിടെ കഷ്ടപ്പെടുന്നത്. നിരവധി പ്രദേശങ്ങളില്‍ ഭൂജലം വറ്റി വരണ്ട് കഴിഞ്ഞിരിക്കുന്നു. ഭൂഗര്‍ഭ ജലത്തിന്‍റെ തോതാകട്ടെ ഏറെ താഴുകയും ചെയ്തു. ഇന്ത്യയിലെ നിരവധി ജില്ലകളിലെ ജല വിതാനം വളരെ അപകടകരമായ നിലയിലേക്ക് താഴ്ന്ന് കഴിഞ്ഞിരിക്കുകയാണ്. അതിനാല്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുക എന്നത് ഏറ്റവും അനിവാര്യമായ ഒരാവശ്യമായി മാറിയിരിക്കുന്നു. പ്രകൃതിയുടെ ജലസ്രോതസുകളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് മഴവെള്ളം. മഴ വെള്ളം വളരെ കൃത്യമായി സംരക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ ജല ദൗര്‍ലഭ്യതയുടെ പ്രശ്‌നം മറി കടക്കുവാന്‍ നമുക്ക് കഴിയും. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ ഒരു ഗ്രാമം മഴ വെള്ള സംരക്ഷണത്തിനുള്ള മാതൃകയായി ലോകത്തിനു മുന്നില്‍ മാറിയിരിക്കുന്നു.
വെള്ളത്തിന്‍റെ പ്രാധാന്യത്തെ വളരെ നന്നായി തിരിച്ചറിഞ്ഞ ഒരു ഗ്രാമമാണ് ഭിടുകി. ഭാവിയില്‍ ഒരു തരത്തിലുമുള്ള ജല ദൗര്‍ലഭ്യതയും ഉണ്ടാകുവാന്‍ പാടില്ല എന്ന ലക്ഷ്യത്തില്‍ ഈ ഗ്രാമം ഓരോ തുള്ളി മഴ വെള്ളവും സംരക്ഷിക്കുന്നു. ഈ ഗ്രാമം നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഇന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ ഗ്രാമത്തെ അഭിനന്ദിക്കുവാന്‍ സ്വയം മുന്നോട്ട് വന്നു.
ഭിടുകി ഗ്രാമത്തിന്‍റെ സര്‍പാഞ്ചായ (ഗ്രാമ മുഖ്യൻ) സത്യ ദേവ് ഗൗതമിന് ഈ ഗ്രാമത്തിന്‍റെ വിജയ കഥ ഏറെ പറയാനുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ പല്‍വാല്‍ ജില്ലയിലെ ഭിടുകി ഗ്രാമത്തിലെ ജനങ്ങള്‍ മഴക്കാലത്ത് ഏറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഗ്രാമത്തിലെ അഴുക്ക് ചാല്‍ സംവിധാനം വളരെ മോശമായതിനാല്‍ ഗ്രാമത്തിലാകെ മഴ വെള്ളം കെട്ടി കിടക്കുമായിരുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട് ഈ ഗ്രാമത്തില്‍. സ്‌കൂളിലേക്ക് പോകുന്ന വഴി മഴക്കാലമായാല്‍ മലിന ജലം മൂടി കിടക്കുക പതിവായിരുന്നു. സ്‌കൂളിലെ മൈതാനം പോലും മഴ വെള്ളം നിറഞ്ഞ് വലിയ കുളം പോലെയാകുമായിരുന്നു. കാലവര്‍ഷമായി കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും ഗ്രാമീണര്‍ ഈ ദുരിതം നേരിട്ട് കൊണ്ടിരുന്നു. 2016-ലാണ് സത്യ ദേവ് ഗൗതം ഭിടുകി ഗ്രാമത്തിന്‍റെ സര്‍പാഞ്ചായി തെരഞ്ഞെടുക്കപ്പെടുന്നത്. ബി-ടെക്, എംബിഎ ബിരുദധാരിയാണ് സത്യ ദേവ് ഗൗതം. അദ്ദേഹം എന്നും തന്‍റെ ഗ്രാമത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. ലക്ഷങ്ങള്‍ ശമ്പളമുള്ള മികച്ച ജോലി വെണ്ടെന്ന് വെച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം.
സ്‌കൂളില്‍ മഴ വെള്ള സംഭരണ പ്ലാന്‍റ് നിര്‍മിക്കുന്നു
ഗ്രാമത്തിലെ വിദ്യാര്‍ഥിനികള്‍ നേരിട്ട് കൊണ്ടിരുന്ന പ്രശ്‌നം പരിഹരിക്കുവാനാണ് സര്‍പാഞ്ച് സത്യ ദേവ് ഗൗതം ആദ്യം മുന്നിട്ടിറങ്ങിയത്. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മഴ വെള്ള സംഭരണ പ്ലാന്‍റ് അദ്ദേഹം സ്ഥാപിച്ചു. സ്‌കൂള്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ നിന്നും ഒഴുകി വരുന്ന മഴ വെള്ളം പൈപ്പുകളിലൂടെ ശേഖരിച്ച് വച്ചു. സ്‌കൂളിന്‍റെ ഒരു ഭാഗത്ത് എട്ട് അടി താഴ്ചയുള്ള മൂന്ന് ഭൂഗര്‍ഭ ജല സംഭരണികള്‍ അദ്ദേഹം സ്ഥാപിച്ചു. 10 അടിയാണ് ഓരോ ജല സംഭരണികളുടെയും നീളം.
എങ്ങനെയാണ് ജലം സംരക്ഷിച്ചത്?
ഈ മൂന്ന് സംഭരണികളും പരസ്‌പരം ബന്ധിതമായിരുന്നു. ആദ്യത്തെ രണ്ട് സംഭരണികള്‍ അരിപ്പ പോലെ പ്രവര്‍ത്തിച്ചു. ആദ്യ സംഭരണിയില്‍ ഖര മാലിന്യങ്ങള്‍ അരിച്ചെടുത്തു. രണ്ടാമത്തെ സംഭരണിയില്‍ ചളിയും അതുപോലുള്ള മറ്റ് മൃദുലമായ മാലിന്യങ്ങളും അരിച്ചെടുത്തു. അതേസമയം തന്നെ മൂന്നാമത്തെ സംഭരണിയില്‍ 120 മീറ്റര്‍ താഴ്ചയുള്ള ഒരു കുഴല്‍ കിണര്‍ കുഴിച്ചു. ഈ കുഴല്‍ കിണര്‍ വഴി വെള്ളം മുഴുവന്‍ ഭൂഗര്‍ഭത്തിലേക്ക് ഒഴുക്കി. വെള്ളം ഭൂമിയിലേക്ക് ഒഴുക്കി വിടുന്നതിന് മുമ്പായി ശുദ്ധീകരണ സംവിധാനത്തിലൂടെ കടത്തി വിടുകയും ചെയ്തു. സംഭരണിയില്‍ ഒന്നിന് മേല്‍ ഒന്നായി മൂന്ന് തരത്തിലുള്ള കല്ലുകളുടെ നിര പാകി. ഈ കല്ലുകളിലൂടെ കടന്ന് പോകുന്ന വെള്ളത്തില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെടുക്കുകയും അതിന് ശേഷം സംശുദ്ധമായ തെളിഞ്ഞ ജലം ഭൂമിയിലേക്ക് വിടുകയും ചെയ്തു.
ഗ്രാമത്തിലെ ഹരിജന്‍ കോളനിയിലും പദ്ധതി നടപ്പിലാക്കി സര്‍പാഞ്ച്
സര്‍പാഞ്ച് സത്യ ദേവ് ഗൗതമിന്‍റെ നേതൃത്വത്തില്‍ ഈ ഗ്രാമത്തിലെ ഹരിജന്‍ ഗ്രാമത്തിലെ 40 വീടുകള്‍ക്ക് ജല സംരക്ഷണത്തിലൂടെ ഒരു പുതിയ ജീവിതമാണ് ലഭിച്ചത്. മുന്‍ കാലങ്ങളില്‍ മലിന ജലം ഒഴിക്കി വിടാനുള്ള സംവിധാനങ്ങള്‍ കൃത്യമായി ഇല്ലാത്തതിനാല്‍ ഈ വീടുകളുടെ എല്ലാം മുന്‍ വശങ്ങളില്‍ എപ്പോഴും വെള്ളം കെട്ടി കിടക്കുമായിരുന്നു. ഇന്നിപ്പോള്‍ എല്ലായിടത്തു ഒരു ജല സംരക്ഷണ സംഭരണി സ്ഥാപിച്ച് കഴിഞ്ഞു.
ഇപ്പോള്‍ ഹരിജന്‍ തെരുവിലെ വീടുകള്‍ക്ക് മുന്നില്‍ മഴക്കാലമായാല്‍ വെള്ളം കെട്ടി കിടക്കുന്നില്ല. ജനങ്ങള്‍ക്ക് അകത്തേക്കും പുറത്തേക്കും പോകുവാനുള്ള വഴി ഇപ്പോള്‍ വളരെ സുഗമമായി മാറി. സ്കൂളുകളിലേക്ക് പോകുന്ന റോഡുകള്‍ മെച്ചപ്പെട്ടു. മഴ കഴിയുന്നതോട് കൂടി വെള്ളമെല്ലാം ചാലുകളിലൂടെ ഒഴുകി സംഭരണിയില്‍ എത്തുകയും പതുക്കെ ഭൂമിയിലേക്ക് അരിച്ചിറങ്ങുകയും ചെയ്യും.
ഗ്രാമത്തിലെ ജല സംഭരണികളെ പാട ശേഖരങ്ങളുമായി ബന്ധിപ്പിച്ചു
മഴ വെള്ള സംരക്ഷണത്തിന് വേണ്ടി ജല കൊയ്ത്ത് നടത്തുന്ന പദ്ധതികള്‍ സ്ഥാപിക്കുക മാത്രമല്ല ഭിടുകി ഗ്രാമം ചെയ്തത്. സര്‍പാഞ്ച് ഈ ഗ്രാമത്തിലെ കുളത്തിൽ (ജൊഹാദ്) നിന്നും നിറഞ്ഞ് ഒഴുകി പോകുന്ന വെള്ളത്തിന്‍റെ പ്രശ്‌നവും പരിഹരിച്ചു. ഗ്രാമത്തിന്‍റെ നടുവിലുള്ള ഈ കുളത്തില്‍ നിന്നും മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന വെള്ളം ഒരു ജല സേചന സംവിധാനമായി അദ്ദേഹം മാറ്റിയെടുത്തു. ജൊഹാദ് എന്ന് വിളിക്കുന്ന ഇത്തരം ചെറിയ കുളങ്ങളെ അഴുക്കുചാലുകള്‍ വഴി സത്യ ദേവ് ഗൗതം പാടങ്ങളിലേക്ക് ബന്ധിപ്പിച്ചു. ഇന്നിപ്പോള്‍ ഈ കുളത്തിലെ ജല നിരപ്പ് ഒരു പരിധിക്കപ്പുറം ഉയര്‍ന്നു കഴിഞ്ഞാല്‍ ഈ പൈപ്പുകളിലൂടെ ഒരു പമ്പ് സെറ്റ് ഉപയോഗിച്ച് കൊണ്ട് വെള്ളം പാടങ്ങളിലേക്ക് തിരിച്ച് വിടുകയാണ് ചെയ്യുന്നത്.
ഗ്രാമത്തിലെ ഓരോ പാടങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം എത്തുന്നു എന്നുറപ്പാക്കുന്നതിനായി തന്‍റെ എഞ്ചിനീയറിങ്ങ്, സാങ്കേതിക അറിവുകള്‍ സര്‍പാഞ്ച് സത്യ ദേവ് ഉപയോഗിച്ചു. ഗ്രാമത്തിലെ പാട ശേഖരങ്ങളില്‍ ഉടനീളം ഏതാണ്ട് 2 കിലോമീറ്റര്‍ ദൂരത്തില്‍ ഓരോ 200-300 മീറ്റര്‍ കൂടുമ്പോഴും അദ്ദേഹം ആറ് അടി വീതിയും 10 അടി നീളവുമുള്ള വലിയ കുഴികള്‍ കുഴിച്ചു. ജൊഹാദിന്‍റെ മലിന ജല പൈപ്പുകളെ ഈ കുഴികളുമായി ബന്ധിപ്പിച്ചു. ഇത്തരം ഒരു സാഹചര്യത്തില്‍ കൃഷിക്കാര്‍ക്ക് വെള്ളം ആവശ്യമുള്ളപ്പോള്‍ എല്ലാം ഈ കുഴികളില്‍ നിന്നും പൈപ്പുകളിട്ട് അവര്‍ ശേഖരിക്കുന്നു.
ഗ്രാമത്തിന് പുറത്തും ഒരു സാധാരണ കുളം നിര്‍മിച്ചു
മഴ വെള്ളം സംരക്ഷിക്കുന്ന സംരംഭത്തില്‍ ഒരു പടി മുന്നോട്ട് കടന്ന് കൊണ്ട് ഭിടുകി ഗ്രാമത്തിന് പുറത്ത് നാലേക്കര്‍ ഭൂമിയില്‍ വലിയൊരു കുളം കൂടി ഒന്നര വര്‍ഷം മുമ്പ് നിര്‍മിച്ചു. ഈ കുളം സാധാരണ രീതിയില്‍ കുഴിച്ചെടുത്തതാണ്. അതിനാല്‍ ഇതില്‍ മഴ വെള്ളം വന്നു നിറയും. ഈ കുളത്തില്‍ നിറഞ്ഞ് കിടക്കുന്ന വെള്ളവും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. കുളത്തിന്‍റ് യഥാര്‍ഥ ഉദ്ദേശം പക്ഷെ മറ്റൊന്നാണ്. അടിഭാഗം സിമന്‍റ് ചെയ്യാതെ സാധാരണ പോലെ വിട്ടിരുന്നതിനാല്‍ ഇതില്‍ സംഭരിക്കപ്പെടുന്ന വെള്ളം ഭൂമിയിലേക്ക് സ്വാഭാവികമായ രീതിയില്‍ ഇറങ്ങി ചെല്ലും. ഈ പ്രക്രിയയിലൂടെ പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനവും ഏറെ മെച്ചപ്പെട്ടു.
സത്യ ദേവ് ഈ രണ്ട് ജൊഹാദുകളേയും ഒരു ചെറിയ കനാലിലേക്ക് ബന്ധിപ്പിച്ചു. ഗ്രാമത്തിന്‍റെ പ്രാന്ത പ്രദേശത്ത് കൂടെ കടന്നു പോവുകയായിരുന്ന ഈ കനാലിലേക്ക് പൈപ്പു മൂലമാണ് ജൊഹാദുകളെ ബന്ധിപ്പിച്ചത്. അതിനാല്‍ മഴക്കാലത്ത് പരിധിക്കപ്പുറം വെള്ളം നിറയുന്നതോട് കൂടി ഈ രണ്ട് ജൊഹാദുകളില്‍ നിന്നുള്ള വെള്ളം കനാലിലേക്ക് തുറന്ന് വിടാന്‍ കഴിഞ്ഞു. അതിലൂടെ ഗ്രാമത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകുവാനുള്ള സാധ്യതകളെല്ലാം ഇല്ലാതാക്കി. കനാലിലേക്ക് തുറന്ന് വിടുന്ന വെള്ളവും കര്‍ഷകര്‍ക്ക് ഉപകാരപ്രദമായി.
നഗരത്തിലെ മജിസ്‌ട്രേറ്റും അഭിനന്ദനം അറിയിച്ചു
ഭിടുകി ഗ്രാമത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതോട് കൂടി പല്‍വാല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിതേന്ദ്ര കുമാറും ഏറെ സന്തോഷവാനായി. ഗ്രാമ മുഖ്യനെ അദ്ദേഹം അഭിനന്ദിച്ചതോടെ മറ്റ് ഗ്രാമങ്ങളിലെ മുഖ്യന്മാരും ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് തങ്ങളുടെ ഗ്രാമങ്ങളിലും ഇത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.
ഭിടുകി ഗ്രാമം മഴവെള്ളം സംഭരിച്ച് സംരക്ഷിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയവും പ്രചോദനം നല്‍കുന്ന കാര്യമാണെന്നതില്‍ ഒരു സംശയവുമില്ല. ഇത്തരം ഒരു സംരംഭം പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ഇടങ്ങളില്‍ നടപ്പില്‍ വരുത്തുവാന്‍ തയ്യാറാവുകയും ചെയ്യണം. അതിലൂടെ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ബോധവല്‍ക്കരണം എത്തും. അങ്ങിനെ മഴ വെള്ളം സംരക്ഷിക്കുവാനുള്ള സംയുക്ത ശ്രമങ്ങള്‍ നടക്കും. കാരണം വെള്ളമുണ്ടെങ്കില്‍ മാത്രമേ ഇനി ഒരു നാളെ നമുക്കുള്ളൂ.