ഒരു മനുഷ്യന്‍റെ അതിജീവനത്തിന് ഭക്ഷണത്തേക്കാളേറെ പ്രധാനപ്പെട്ടതാണ് ജലം. വെള്ളം കിട്ടാനുള്ള യാതൊരു വഴികളുമില്ലെങ്കിൽ ജീവിതം പിന്നെ മുന്നോട്ടില്ല. അതുകൊണ്ടാണ് ജീവിക്കാനുള്ള അവകാശമായി കുടിവെള്ളത്തെ സുപ്രീംകോടതി പ്രഖ്യാപിച്ചത്.
കുടിവെള്ള ലഭ്യത ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തിന്‍റെ പ്രസ്‌താവനയും ജലം ജീവിക്കാനുള്ള അവകാശമാണെന്നതിന്‍റെ പശ്ചാത്തലത്തിലാണ്. മിഷൻ ഭഗീരഥയുടെ മാതൃകയിൽ കുടിവെള്ള വിതരണ പദ്ധതി തുടങ്ങുന്നതിനുള്ള ആസൂത്രണങ്ങൾ നടക്കുന്നതായി ഹൈദരാബാദ് സന്ദർശന വേളയിൽ മന്ത്രി അറിയിച്ചിരുന്നു. ജൽ ജീവൻ മിഷൻ അനുസരിച്ച് 2024 ഓടെ രാജ്യത്തെ 14.60 കോടി കുടുംബങ്ങൾക്ക് ടാപ്പുകൾ വഴി ജലം വിതരണം ചെയ്യും. ഏതാണ്ട് 3.60 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. നിർമല സീതാരാമൻ ധനമന്ത്രിയായിരിക്കെയാണ് ഇക്കാര്യം ബജറ്റിൽ അവതരിപ്പിച്ചത്. നൽ സേ ജൽ പദ്ധതിക്ക് തുടക്കം കുറിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി കൈകോർക്കുമെന്നും ഓരോ സംസ്ഥാനങ്ങളുടെ വ്യക്തഗത ആവശ്യങ്ങളനുസരിച്ച് ജൽ ജീവൻ മിഷൻ പദ്ധതിയെ വിപുലീകരിക്കുമെന്നുമുള്ള റിപ്പോർട്ടുകളും മൂന്ന് മാസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു.
വെള്ളം കിട്ടാൻ കിലോമീറ്ററുകളോളം താണ്ടുന്നവരുടെ വിധിയെക്കുറിച്ച് വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ല. യുണിസെഫിന്‍റെ കണക്കനുസരിച്ച് 20 കോടി ഉൽപാദന മണിക്കൂറുകളാണ് വെള്ളം എടുക്കുന്നതിനായി സ്ത്രീകളും കുട്ടികളും ചെലവഴിക്കുന്നത്. ഇത് 22,800 വർഷങ്ങൾക്ക് തുല്യമാണ്. ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്രസർക്കാരിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 21സംസ്ഥാനങ്ങളിൽ നിന്നായി 153 ജില്ലകളിലെ ജനങ്ങള്‍ വിഷാംശം കലർന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ പതിനാറിലധികം സംസ്ഥാനങ്ങളിലെ ഭൂഗർഭജലം യുറേനിയം കലർന്ന് മലിനമാണെന്നാണ് ഡ്യൂക്ക് സർവകലാശാലയിൽ നിന്നുള്ള പഠനങ്ങൾ തെളിയിക്കുന്നത്. നീതി ആയോഗ് കണക്കനുസരിച്ച് രാജ്യത്താകമാനം 60 കോടി ആളുകൾ ജലദൗർലഭ്യം അനുഭവിക്കുന്നു. ജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ പോലും സർക്കാരിന്‍റെ ദയനീയ പരാജയം വ്യക്തമാണ്.
വ്യാവസായിക, കാർഷിക മാലിന്യങ്ങൾ പുറന്തള്ളുന്നതു മൂലം ഗംഗ ഉള്‍പ്പെടെ നിരവധി നദികൾ മലിനമാകുന്നുണ്ട്. ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം അവഗണിക്കപ്പെടുകയാണെങ്കിൽ, ഭൂഗർഭജലനിരപ്പ് പൂജ്യമാകുകയും ജലസംഭരണികൾ വൈകാതെ ശൂന്യമാവുകയും ചെയ്യും. ഈ മുന്നറിയിപ്പുകൾ പരിഗണിച്ചെങ്കിലും ഗാഢനിദ്രയിൽ നിന്നും നാം ഉണരണം. മുൻ ആസൂത്രണ കമ്മിഷനിൽ പ്രവർത്തിച്ചിരുന്ന മിഹിർ ഷായുടെ നേതൃത്വത്തിലുള്ള സമിതി അടുത്ത ആറ് മാസത്തിനുള്ളിൽ പുതിയ കരട് ദേശീയ ജലനയ ബിൽ സമർപ്പിക്കുന്നതാണ്. ഷാ കമ്മിറ്റി വെല്ലുവിളികളെ ഏറ്റെടുത്ത് ഉത്തരവാദിത്തമുള്ള ജലസംരക്ഷണ പദ്ധതിക്ക് വഴിയൊരുക്കുന്ന ബിൽ രൂപീകരിക്കണം.
വിദേശരാജ്യങ്ങളായ ഓസ്‌ട്രേലിയ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ജല ഉപഭോഗം കുറയ്ക്കുന്നതിനും ഭൂഗർഭജലനിരപ്പ് കുറയുന്നത് തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു തുടങ്ങി. ജലപ്രതിസന്ധി തടയാൻ അവർ നടപടികൾ സ്വീകരിച്ചു. ജലസംരക്ഷണത്തിനും ജല മലിനീകരണം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി 12 ലക്ഷം ആളുകളെയാണ് ചൈന നിയോഗിച്ചത്. സ്വാതന്ത്ര്യാനന്തരം 70 വർഷങ്ങൾ പിന്നിടുമ്പോൾ ഇത്തരം പദ്ധതികളെക്കുറിച്ച് ഇന്ത്യ ചിന്തിക്കുന്നത് പോലുമില്ലെന്ന് മാത്രമല്ല, രാജ്യത്തിന്‍റെ ജലസ്രോതസുകളിൽ ഭൂരിഭാഗവും നഷ്‌ടപ്പെടുകയും ചെയ്‌തു. ഈ അവസ്ഥയെ മറികടക്കാൻ ഒരു പുതിയ ജലസംരക്ഷണ സംസ്കാരം കൊണ്ടുവരണം. ഉപജീവനത്തിന്‍റെ അടിസ്ഥാനം ജലസംരക്ഷണമാണെന്ന വസ്‌തുത കൃഷിക്കാരെ മുതൽ സാധാരണക്കാരെ വരെ ബോധ്യപ്പെടുത്തണം. ജലശേഖരണത്തിന്‍റെ പ്രാധാന്യം സ്‌കൂൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണം. മുമ്പ് അവതരിപ്പിച്ച് പോന്നിട്ടുള്ള ജലനയങ്ങൾ ഉന്നതമായ ആശയങ്ങൾ ആയിരുന്നങ്കിലും അവയൊന്നും തന്നെ ജലസംരക്ഷണത്തിന് പ്രയോജനകരമായിട്ടില്ല. അഴിമതിയിൽ മുങ്ങിയിരിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് വരാനിരിക്കുന്ന ജല പ്രതിസന്ധിയെ തടയുന്നതിനായുള്ള പ്രവർത്തനങ്ങൾ ഒന്നും ചെയ്‌തിട്ടില്ല. മഴവെള്ള സംഭരണം, ഫലപ്രദമായ ജല ഉപഭോഗം, നീരൊഴുക്ക് ജലത്തന്‍റെ പുനരുപയോഗം എന്നിവയുടെ നടപ്പിലാക്കൽ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിൽ ഉത്തരവാദിത്ത പൂർണമായി പ്രവർത്തിച്ചാൽ മാത്രമേ ഭാവിതലമുറക്ക് മുമ്പിൽ തലയുയര്‍ത്തി നിൽക്കാൻ നമുക്ക് സാധിക്കൂ.